മാങ്കാംകുഴി : കിണറ്റിൽ വീണ രണ്ടുവയസ്സുകാരൻ സഹോദരനെ അവിശ്വസനീയമായി രക്ഷിച്ച് എട്ടുവയസ്സുകാരി. ഇവാൻ എന്ന അക്കുവിനെ രക്ഷിക്കാൻ ചേച്ചി ദിയ കാണിച്ചത് ആരെയും ഞെട്ടിക്കുന്ന ധൈര്യമാണ്.
മാങ്കാംകുഴി കല്ലിത്തുണ്ടത്തിൽ പറങ്കാംകൂട്ടത്തിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന സനലിന്റെയും ഭാര്യ ഷാജിലയുടെയും വീട്ടിൽ ചൊവ്വാഴ്ചയാണ് സംഭവം. ചേച്ചിമാർക്കൊപ്പം മുറ്റത്തു കളിക്കുകയായിരുന്നു രണ്ടുവയസ്സുകാരൻ അക്കു.
നാലുമണിയോടെ മഴ ചാറിയപ്പോൾ മുറ്റത്തെ അയയിൽ കിടന്നിരുന്ന ഉണങ്ങിയ തുണിയെടുക്കാൻ പോയ ദിയ കിണറ്റിൽ എന്തോ വീഴുന്ന ശബ്ദംകേട്ടാണ് ഓടിയെത്തിയത്. ആഴമുള്ള കിണറ്റിൽ വെള്ളത്തിൽ മുങ്ങിത്താഴുന്ന അക്കുവിനെയാണ് കണ്ടത്. ഒന്നുമാലോചിച്ചിക്കാതെ അവൾ കിണറ്റിലേക്കുള്ള പൈപ്പിൽ തൂങ്ങിയിറങ്ങി ഇവാനെ പൊക്കിയെടുത്തു നിലവിളിച്ചു. ശബ്ദംകേട്ട് പാത്രം കഴുകുകയായിരുന്ന അമ്മയും ദിയയുടെ ഇളയ സഹോദരിയും ഓടിയെത്തി അലമുറയിട്ടു. തൊട്ടടുത്ത വീട്ടിൽ ജോലിചെയ്തിരുന്ന ചിത്തിരയിൽ ബിനോയി, അരുൺഭവനത്തിൽ അഖിൽ ചന്ദ്രൻ, കൂടെയുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളി എന്നിവർ ഓടിയെത്തി കിണറ്റിലിറങ്ങി രണ്ടു കുഞ്ഞുങ്ങളെയും പുറത്തെത്തിച്ചു.
നെഞ്ചറ്റം വെള്ളമുണ്ടായിരുന്ന കിണറ്റിൽ ഇവാനെയുമെടുത്തു നിൽക്കുകയായിരുന്നു ദിയ. കിണറിനുവെളിയിൽ എത്തിയതോടെ അക്കുവിനെ കെട്ടിപ്പിടിച്ച് അവൾ ഉമ്മകൊടുത്തു. നെറ്റിയിൽ മുറിവുപറ്റിയ അക്കുവിനെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാറ്റി
Post a Comment