Apr 26, 2023

നാല് പതിറ്റാണ്ട് മലയാളിയെ ചിരിപ്പിച്ച പ്രതിഭ; മാമുക്കോയയെ ഒരുനോക്ക് കാണാൻ ടൗൺഹാളിലേക്ക് ജനപ്രവാഹം.


കോഴിക്കോട് : നാല് പതിറ്റാണ്ട് കാലത്തോളം മലയാളികളെ ചിരിപ്പിച്ച പ്രിയ നടൻ മാമുക്കോയയുടെ വിടവാങ്ങലിൽ വിതുമ്പി സിനിമാ സാംസ്കാരിക ലോകം. കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച ഭൌതിക ശരീരത്തിൽ സിനിമ- നാടക -സാംസ്കാരിക- രാഷ്ട്രീയ മേഖലകളിൽ നിന്നടക്കം നിരവധിപ്പേരാണ് ആദരാഞ്ജലികളർപ്പിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട മാമുക്കോയയെ ഒരു നോക്ക് കാണാനായി നൂറുകണക്ക് നാട്ടുകാരും കോഴിക്കോട്ടേക്കെത്തിക്കൊണ്ടിരിക്കുകയാണ്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് 1.05 നായിരുന്നു മാമുക്കോയയുടെ അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ഇന്നലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്കാരം കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നാളെ നടക്കും. മാമുക്കോയ വിടവാങ്ങൽ സ്ഥിരീകരിച്ചതിന് പിന്നാലെ സിനിമാ- സാംസ്കാരിക രം​ഗത്തെ നിരവധി പേർ പ്രിയ നടന് അനുശോ​ചനം അറിയിച്ച് സമൂഹമാധ്യമങ്ങളിലടക്കം തങ്ങളുടെ ഓർമ്മകൾ പങ്കുവെച്ചു. 

നാടകത്തിലൂടെ അഭിനയം തുടങ്ങി സിനിമയിൽ എത്തിയ നടനായിരുന്നു മാമുക്കോയ. കോഴിക്കോടൻ ഭാഷയുടെ നർമം നിറഞ്ഞ പ്രയോഗത്തിലൂടെ പൊട്ടിച്ചിരി തീർത്ത നടൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരമായിത്തീർന്നു. വിദ്യാർത്ഥി ആയിരിക്കുമ്പോൾതന്നെ മാമുക്കോയ നാടക പ്രവർത്തനത്തിൽ സജീവമായിരുന്നു. 'അന്യരുടെ ഭൂമി' ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമ രംഗത്തേക്കെത്തിയത്. 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' സിനിമയിലെ മുൻഷിയുടെ വേഷത്തിലൂടെയാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സത്യൻ അന്തിക്കാട് അടക്കമുള്ളവരുടെ സിനിമകളിലെ സ്ഥിര സാന്നിധ്യമായി. പെരുമഴക്കാലം (2004), ഇന്നത്തെ ചിന്താവിഷയം (2008) എന്നീ സിനിമകളിലെ പ്രകടനം സംസ്ഥാന പുരസ്‌കാരം നേടി. രാംജിറാവു സ്പീക്കിംഗ്, തലയണ മന്ത്രം, ശുഭയാത്ര, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ്, പെരുമഴക്കാലം എന്നിവയായിരുന്നു മാമുക്കോയയുടെ ശ്രദ്ധേയമായ സിനിമകൾ. നാടോടിക്കാറ്റിലെ ഗഫൂർക്ക, സന്ദേശത്തിലെ പൊതുവാൾ, കൺകെട്ടിലെ കീലേരി അച്ചു എന്നിങ്ങനെ മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ കഥാപത്രങ്ങളുണ്ട് മാമുക്കോയയുടേതായി മലയാളി മനസിൽ. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only