Apr 3, 2023

കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലെ അഗ്നിബാധയ്ക്ക് പിന്നാലെ കാണാതായ സ്ത്രീയും കുട്ടിയും മരിച്ചു


കോഴിക്കോട്: കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാര്‍ക്ക് നേരെയുണ്ടായ അതിക്രമത്തിന് പിന്നാലെ കാണാതായ സ്ത്രീയും കുഞ്ഞും മരിച്ചു. 48 കാരിയായ റഹ്മത്തും ഇവരുടെ സഹോദരിയുടെ മകളായ രണ്ട് വയസുകാരി സഹറയുമാണ് മരിച്ചത്. സഹോദരി ടീച്ചർ ട്രെയിനിംഗ് കോഴ്സിന് ചേർന്നതിനാൽ അവരുടെ മകളെ നാട്ടിലേക്ക് കൊണ്ട് പോവുകയായിരുന്നു റഹ്മത്തെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിന് ഇടയിൽ നിന്നാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്നാമത്തെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.


ട്രെയിനില്‍ നിന്ന് ചാടുന്നതിനിടെ വീണ് പരിക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക വിവരം. ഇതില്‍ സ്ഥിരീകരണം ആയിട്ടില്ല. പൊള്ളലേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള റാസിഖ് ഒപ്പമുണ്ടായിരുന്ന സ്ത്രീയേയും കുഞ്ഞിനേയും കാണാതായതായി നേരത്തെ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അക്രമിക്കൊപ്പം ഇവര്‍ക്കായുള്ള തെരച്ചിലും ആരംഭിച്ചിരുന്നു. ട്രെയിനില്‍ തീ പടര്‍ന്നുവെന്ന് വിവരം അറിഞ്ഞപ്പോള്‍ പരിഭ്രാന്തരായി ട്രെയിനില്‍ നിന്ന് ചാടിയവരാകാം കൊല്ലപ്പെട്ടതെന്നാണ് സംശയിക്കുന്നത്. കോരപ്പുഴ പാലത്തില്‍ നിന്ന് ഏറെ അകലെ അല്ലാത്ത സ്ഥലത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. റിസര്‍വ്വ്ഡ് കംപാര്‍ട്ട്മെന്‍റിലേക്ക് നടന്നെത്തിയ ചുവന്ന ഷര്‍ട്ട് ധരിച്ച തൊപ്പി വച്ച മധ്യ വയസ്കനായ സാധാരണ ശാരീരിക പ്രകൃതിയുള്ള അജ്ഞാതന്‍ യാത്രക്കാരുടെ മേലേയ്ക്ക് കയ്യില്‍ കരുതിയ ഇന്ധനം ഒഴിച്ച ശേഷം തീയിടുകയായിരുന്നു. അധികം യാത്രക്കാരില്ലാതിരുന്ന കംപാര്‍ട്ട്മെന്‍റിലായിരുന്നു അജ്ഞാതന്‍റെ അതിക്രമം. എട്ട് പേര്‍ക്കാണ് സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലുള്ളത്.

ഇന്നലെ രാത്രി 9:07 മണിക്ക് കണ്ണൂർ ഭാഗത്തേക്ക് പോയ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലെ ഡി 1, ഡി2 കംപാര്‍ട്ട്മെന്‍റില്‍ തീ പടര്‍ന്നുവെന്നായിരുന്നു യാത്രക്കാര്‍ക്ക് ലഭിച്ച വിവരം ഇത് വലിയ രീതിയില്‍ യാത്രക്കാരെ പരിഭ്രാന്തരാക്കിയിരുന്നു. ചങ്ങല വലിച്ചതിന് പിന്നാലെ ട്രെയിന്‍ നിര്‍ത്തിയത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. ആ സമയത്തും ആളുകളഅ‍ അഗ്നിബാധ ഭയന്ന് പ്രാണരക്ഷാര്‍ത്ഥം ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചിരുന്നു. വലിയ രീതിയിലുള്ള ആശങ്കയാണ് യാത്രക്കാര്‍ക്ക് ഉണ്ടായത്. അക്രമം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യാത്രക്കാര്‍ക്ക് നേരെ ഇന്ധനമുപയോഗിച്ച് തീയിട്ട ആളെ പിടികൂടാനായിട്ടില്ല. റെയില്‍വേ പൊലീസും പൊലീസും ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അക്രമം നടന്ന ട്രെയിൻ നാളെ ഉച്ചക്ക് 2.45നു കണ്ണൂർ എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സ്‌ ആയി സര്‍വ്വീസ് നടത്തുമെന്ന് റെയില്‍വേ വിശദമാക്കി. ഡി 1, ഡി2 കോച്ചുകൾക്ക് പകരം കോച്ചുകൾ ഘടിപ്പിച്ചായിരിക്കും സർവീസ് നടത്തുക.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only