കാരശ്ശേരി : നവീകരണപ്രവൃത്തി ഇഴഞ്ഞുനീങ്ങിയും ഇടയ്ക്കിടെ മുടങ്ങിയും നീണ്ടുപോകുന്ന മണ്ടാംകടവ് -കുമാരനല്ലൂർ-താഴെ തിരുവമ്പാടി റോഡിന്റെ കഷ്ടകാലം തീരുന്നില്ല. ഇപ്പോൾ ടാറിങ് പ്രവൃത്തിയിലേക്ക് കടന്നപ്പോൾ ക്വാറി-ക്രഷർ സമരം തുടങ്ങിയതാണ് പുതിയ തടസ്സം
2021 ഫെബ്രുവരി 17-ന് പ്രവൃത്തി ഉദ്ഘാടനംചെയ്ത റോഡിന്റെ നിർമാണം മന്ദഗതിയിലും ഇടയ്ക്കിടെ മുടങ്ങിയും അനിശ്ചിതമായി നീണ്ടുപോവുകയായിരുന്നു. ഈ റോഡിന്റെ വശങ്ങൾ സ്വകാര്യവ്യക്തികൾ കൈയേറിയത് സർവേ നടത്തി കണ്ടെത്തി ഒഴിപ്പിക്കുന്നതിനും അതിർത്തി അടയാളപ്പെടുത്തുന്നതിനും സർക്കാർ നിർദേശം ഉണ്ടായിരുന്നു. ഇത് നിർവഹിക്കുന്നത് വളരെ നീണ്ടുപോയി. അതിർത്തി നിശ്ചയിച്ച് വീതികൂട്ടുന്ന റോഡിൽനിന്ന് വൈദ്യുതപോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതും മരങ്ങൾ മുറിച്ചുമാറ്റുന്നതും ഏറെ വൈകി. ഇതെല്ലാം റോഡ് പ്രവൃത്തി വൈകുന്നതിന് കാരണമായി. 3.825 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് രണ്ട് റീച്ചുകളായാണ് പ്രവൃത്തി നടത്തുന്നത്. രണ്ടു റീച്ചുകളിലും നിശ്ചിതസമയം കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധം ശക്തമായതോടെ ലിന്റോ ജോസഫ് എം.എൽ.എ. ഇടപെട്ടതിന്റെ ഫലമായി അഞ്ചുമാസം മുൻപ് കരാറുകാരെ മാറ്റി പുനർലേനം ചെയ്തു. ഇരുറീച്ചുകളും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഇപ്പോൾ കരാർ എടുത്തിട്ടുള്ളത്.
ബസ് സർവീസടക്കം വാഹനഗതാഗതം മുടങ്ങിയതും രൂക്ഷമായ പൊടിശല്യവും കാരണം അനുഭവിച്ചുവരുന്ന ദുരിതത്തിന് ഇതോടെ പരിഹാരമാവുമെന്ന് പ്രതീക്ഷ ഉയർന്നപ്പോഴാണ് വീണ്ടും തടസ്സമായി ജലജീവൻ മിഷന്റെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചത്.
ഇതു പൂർത്തിയാക്കി പ്രവൃത്തി പുനരാരംഭിക്കുകയും രണ്ടാം റീച്ചിൽ ടാറിങ്ങിന് തുടക്കമിടുകയും ചെയ്തപ്പോഴാണ് അപ്രതീക്ഷിതമായി ക്വാറി-ക്രഷർ ഉടമകളുടെ പണിമുടക്ക് സമരം എത്തുന്നത്. ഇതോടെ റോഡ് പ്രവൃത്തി വീണ്ടും നിലച്ചിരിക്കുകയാണ്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് സ്വന്തമായി ക്വാറിയും ക്രഷറും ഉണ്ടെങ്കിലും സമരക്കാർ തടയുമെന്നതിനാൽ കരിങ്കൽ ഉത്പന്നങ്ങൾ റോഡ് പ്രവൃത്തിക്കായി കൊണ്ടുവരാൻ കഴിയില്ല. ഇനി സമരം അവസാനിച്ചാൽ മാത്രമേ റോഡ് പ്രവൃത്തി വീണ്ടും തുടങ്ങാനാവൂ.
രൂക്ഷമായ പൊടിശല്യം കുറയ്ക്കാൻ റോഡ് നനയ്ക്കുന്നത് പുനരാരംഭിക്കുമെന്ന് എം.എൽ.എ.യുടെ ഓഫീസ് അറിയിച്ചു
Post a Comment