ജിദ്ദ- മാനത്ത് അമ്പിളിക്കല തെളിഞ്ഞു. ഒരു മാസത്തെ വ്രതാനുഷ്ടാനത്തിന്റെ പരിശുദ്ധിയിൽ വിശ്വാസി സമൂഹം നാളെ (വെള്ളി) ഈദുൽ ഫിത്വർ ആഘോഷിക്കും. ഹോത്ത സുദൈറില്‍ മാസപ്പിറവി കണ്ടതിനെ തുടർന്ന് നാളെ ചെറിയ പെരുന്നാളായിരിക്കും. ഇതു സംബന്ധിച്ച് സൗദി സുപ്രീം കൗൺസിലിന്റെ പ്രസ്താവന ഉടൻ വരും. അകവും പുറവും ശുദ്ധിയാക്കി വിശ്വാസികൾ സർവ്വശക്തനായ നാഥനിലേക്ക് അടുത്തും പുണ്യകർമ്മങ്ങൾ ചെയ്തുമാണ് റമദാനിന്റെ പകലിരവുകളിൽ കഴിച്ചുകൂട്ടിയത്. പകൽ പട്ടിണി കിടന്ന് നാഥനെ സ്മരിച്ചും രാത്രിയിൽ ദീർഘനമസ്‌കാരങ്ങളിൽ ഏർപ്പെട്ടും പരമാവധി പുണ്യം നേടി. നാളെ ആഘോഷത്തിന്റെ ദിവസമാണ്. നോമ്പിലൂടെ ലഭിച്ച വിശുദ്ധി ഇനിയുള്ള ജീവിതത്തിൽ തുടരുമെന്ന പ്രതിജ്ഞ കൂടിയാണ് വിശ്വാസിക്ക് പെരുന്നാൾ സമ്മാനിക്കുന്നത്.
അതേസമയം, കേരളത്തിൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് റമദാൻ മുപ്പത് പൂർത്തിയാക്കി ശനിയാഴ്ച ആയിരിക്കും ചെറിയ പെരുന്നാൾ ആഘോഷം.
Post a Comment