Apr 24, 2023

അച്ഛൻ മർദനമേറ്റ് മരിച്ച സംഭവം: മകൻ അറസ്റ്റിൽ


തിരുവമ്പാടി : സ്വത്തുതർക്കത്തെത്തുടർന്ന് അച്ഛൻ മർദനമേറ്റ് മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. മുത്തപ്പൻപുഴ പുളിക്കൽ വീട്ടിൽ സെബാസ്റ്റ്യൻ മരിച്ച കേസിലാണ് മകൻ അഭിലാഷിനെ (37) തിരുവമ്പാടി ഇൻസ്പെക്ടർ കെ. സുമിത് കുമാർ അറസ്റ്റ്ചെയ്തത്.


പ്രതിയെ കൊയിലാണ്ടി മജിസ്‌ട്രേറ്റ്‌ കോടതി റിമാൻഡ്ചെയ്തു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സെബാസ്റ്റ്യൻ (76) ഈ മാസം 14-നാണ് മരിച്ചത്. 
 അമ്മ മേരി (75) ക്കും മർദനമേറ്റിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ വിൻസന്റ് ഡി പോൾ ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുത്ത് താമരശ്ശേരി കാരാടി മൗണ്ട് ഹെർബ് കെയർ സെന്ററിലാക്കി.

മാർച്ച് 28-ന് പ്രതി മദ്യലഹരിയിലെത്തി വീട്ടുസാധനങ്ങൾ നശിപ്പിച്ചത് ചോദ്യംചെയ്തതിലുള്ള വിരോധത്തിൽ മർദിച്ചതായി ഇരുവരും പോലീസിൽ മൊഴിനൽകിയിട്ടുണ്ട്. വൃദ്ധദമ്പതിമാർ അവശരായി കിടക്കുന്നതായി അയൽവാസികൾ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ ഒന്നിന് ഗ്രാമപ്പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതരും ജനമൈത്രി പോലീസുമെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ നിർദേശത്തിനുവഴങ്ങി ഒടുവിൽ അഭിലാഷ്തന്നെ ആശുപത്രിയിൽ മാതാപിതാക്കൾക്ക് ചികിത്സലഭ്യമാക്കാൻ തയ്യാറാകുകയായിരുന്നു.

ആശുപത്രിയിൽ കൂട്ടിരിപ്പിന് പ്രതിയെ തന്നെയിരുത്തിയത് വിവാദമായിരുന്നു. അടുത്തബന്ധുക്കൾ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only