ദമ്മാം: ഹജ്ജ് ചെയ്യാനുള്ള വഴിദൂരമത്രയും നടന്ന് യാത്രചെയ്യാൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ശിഹാബ് ചോറ്റുർ ഇപ്പോൾ ലക്ഷ്യത്തിനരികെ. വിവിധ രാജ്യങ്ങൾ കടന്ന അദ്ദേഹം ദിവസങ്ങൾക്ക് മുമ്പാണ് കുവൈത്ത് അതിർത്തി താണ്ടി സൗദിയുടെ മണ്ണിലെത്തിയത്. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം കഴിഞ്ഞ ദിവസം മുതൽ മദീന ലക്ഷ്യമിട്ട് നടന്നു തുടങ്ങി.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 5.15 ന് സൗദി-കുവൈത്ത് അതിർത്തിയായ ‘അൽ റാഖായി’ വഴിയാണ് ശിഹാബ് സൗദിയിൽ പ്രവേശിച്ചത്. ഹഫർ അൽ ബാത്വിനിലെ മലയാളി സാമൂഹിക പ്രവർത്തകരായ സാഹിർ വാഴക്കാട്, ഷനീത് കണ്ണൂർ, ഷാഹുൽ ഹമീദ് പള്ളിക്കൽ ബസാർ, അബൂബക്കർ മഞ്ചേരി, ആസിഫ് കണ്ണൂർ, നൗഫൽ, അഫ്സർ, ജിദേഷ്, യൂസഫ്, സക്കീർ, ഷിനാജ് എന്നിവർ ചേർന്നാണ് ശിഹാബിനെ സൗദിയിലേക്ക് സ്വീകരിച്ചത്. കുവൈത്തിൽ നിന്ന് 60-ലധികം കിലോമീറ്റർ ഒറ്റ ദിവസം നടന്നുതീർത്താണ് ശിഹാബ് സൗദിയിലെത്തിയത്.
കുവൈത്ത് അതിർത്തിയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ ശിഹാബിനോട്, പാസ്പോർട്ടും യാത്രാരേഖകളും ആവശ്യപ്പെട്ടു. എന്നാൽ, പൊലീസ് വേഷത്തിൽ അല്ലാത്തതിനാൽ ആളെ തിരിച്ചറിയാതെ ശിഹാബ് യാത്രാരേഖകൾ നൽകാൻ തയ്യാറായില്ല. ഇതോടെ പൊലീസുകാർ പട്ടാളത്തെ വിളിച്ചുവരുത്തി. അതിവേഗമെത്തിയ പട്ടാള വാഹനത്തിൽ നിന്നിറങ്ങിയ സൈനികർ തോക്കിൻ മുനയിൽ നിർത്തി ശിഹാബിനോട് രേഖകൾ ആവശ്യപ്പെട്ടു. എല്ലാ രേഖകളും പരിശോധിച്ച് തൃപ്തിപ്പെടുകയും യാത്രാ ഉദ്ദേശ്യം മനസ്സിലാക്കുകയും ചെയതതോടെ അവർ ശിഹാബിനെ വിട്ടയക്കുകയും ആവശ്യമായ എന്ത് സഹായത്തിനും തങ്ങൾ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
സൗദിയിലെത്തി ശിഹാബും സുഹൃത്തുക്കളും ഏഴ് കിലോമീറ്റർ പിന്നിട്ട് ഒരു പെട്രോൾ സ്റ്റേഷനിലെത്തി. അവിടെ നിന്ന് ഒരു മലയാളിയെ കണ്ടെത്തി അദ്ദേഹത്തിെൻറ താമസസ്ഥലത്ത് വിശ്രമിച്ചു. രാത്രി വീണ്ടും യാത്ര പുറപ്പെട്ട ശിഹാബ് കുറേദൂരം നടന്ന് വർബ് ശാമിയ എന്ന സ്ഥലത്ത് ഒരു യമനി പൗരെൻറ അധീനതയിലുള്ള ഇസ്തിറാഹയിൽ (വിശ്രമ സങ്കേതം) തങ്ങി. പിറ്റേന്ന് അവിടെ നിന്ന് പുറപ്പെട്ട് 90 കിലോമീറ്ററോളം നടന്ന് ഹഫർ അൽ ബാത്വിൻ പട്ടണത്തിൽ പ്രവേശിച്ചു. ഓർക്കാപ്പുറത്ത് മഴ വന്നു. ശക്തമായ മഴയായതിനാൽ പെട്ടന്ന് തന്നെ യാത്ര പുറപ്പെടാൻ സാധിക്കുമായിരുന്നില്ല.
ഹഫറിലെ നൂറുകണക്കിന് പ്രവാസികൾ ശിഹാബിനെ കാണാൻ തടിച്ചുകൂടിയതോടെ ‘റബ്വ’ എന്ന സ്ഥലത്തുനിന്ന് വന്ന അൽ അനസി കുടുംബക്കാരായ സൗദി പൗരന്മാരുടെ ആതിഥ്യം സ്വീകരിച്ച് അവരുടെ വീട്ടിേലക്ക് പോയി. സ്വദേശികൾ ഉൾപ്പടെ അനവധി പേരാണ് ഫോട്ടോ എടുക്കാനും സസഹായങ്ങൾ നൽകാനുമായി ശിഹാബിനെ സമീപിച്ചത്. ശേഷം അവിടെനിന്നും ശനിയാഴ്ച രാത്രിയും നടന്ന് തുടങ്ങിയിരിക്കുകയാണ്. ഹഫറിൽ നിന്ന് 70 കിലോമീറ്റർ പിന്നിട്ട് കഴിഞ്ഞു.
നോമ്പ് സമയമായതിനാൽ അധികവും രാത്രിയിലാണ് നടപ്പ്. സൗദി പൊലീസ് ശിഹാബിന് വഴിയിൽ സുരക്ഷ ഒരുക്കി മിക്കയിടങ്ങളിലും ഒപ്പം കൂടുന്നുണ്ട്. ഹഫറിനിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ വാഹനത്തിൽ ശിഹാബിനെ പിന്തുടരുകയും ചെയ്യുന്നു. തൊട്ടടുത്തുള്ള ഉമ്മുൽ ജമാൽ പട്ടണമാണ് അടുത്ത വിശ്രമസ്ഥലമായി കരുതുന്നതെന്ന് കൂടെയുള്ള സാഹിർ വാഴക്കാട് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അദ്ദേഹത്തോടൊപ്പം നടന്നെത്താൻ ഞങ്ങൾക്ക് സാധിക്കുന്നില്ലെന്നും അത്ര വേഗതയിലും ഉഷാറിലുമാണ് അദ്ദേഹം നടക്കുന്നതെന്നും സാഹിർ പറഞ്ഞു.
മലപ്പുറത്ത് നിന്ന് യാത്രപുറപ്പെട്ട ശിഹാബ്, പാകിസ്താൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങൾ പിന്നിട്ടാണ് സൗദിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഇനി 1400 ലധികം കിലോമീറ്ററുകൾ സഞ്ചരിച്ചാൽ മാത്രമേ മദീനയിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളു. ഇതിനകം സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ ശിഹാബ് ലക്ഷ്യങ്ങളിലെ അവസാന രാജ്യമായ സൗദിയിലേക്ക് കടന്നത് പ്രവാസി മലയാളികളേയും ആവശേത്തിലാക്കിയിരിക്കുകയാണ്.
Post a Comment