മലപ്പുറം: ക്രഷർ, കരിങ്കൽ ക്വാറികൾക്ക് പിന്നാലെ ചെങ്കൽ ക്വാറികളും അനിശ്ചിത കാല സമരം തുടങ്ങിയതോടെ ജില്ലയിലെ നിർമാണ മേഖല സ്തംഭനത്തിലേക്ക്. ക്രഷർ, കരിങ്കൽ ക്വാറികൾ 17 മുതൽ സമരത്തിലാണ്. ചെങ്കൽ ക്വാറികൾ ഇന്നലെയാണ് സമരം തുടങ്ങിയത്. ഇതു നീണ്ടു പോയാൽ ജില്ലയിലെ നിർമാണ മേഖല പൂർണമായി സ്തംഭിക്കുമെന്ന ആശങ്കയുണ്ട്.
പ്രശ്നത്തിൽ ഇടപെടൽ തേടി കരാറുകാരുടെ കൂട്ടായ്മ കലക്ട റെ കണ്ടു. ക്രഷർ, കരിങ്കൽ മേഖലയിൽ വില നിയന്ത്രണത്തിനും ഗുണമേന്മ ഉറപ്പു വരുത്തുന്നതിനും സംവിധാനം വേണമെന്ന ആവശ്യവും അവർ മുന്നോട്ടു വച്ചിട്ടുണ്ട്. ഇതിന് കലക്ടർ മുൻ കയ്യെടുത്ത് നിർമാണ മേഖലയിലെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ച് യോഗം വിളിക്കണമെന്നാണ് ആവശ്യം.
നിർമാണ മേഖല ഭാഗികമായി സ്തംഭിച്ച നിലയിലാണ്. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ജോലികൾ പൂർത്തിയാക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. സമരം തുടങ്ങിയതോടെ മെറ്റലും കരിങ്കല്ലും കിട്ടാത്ത സ്ഥിതിയുണ്ട്. ചെങ്കല്ല് കൂടി ലഭിക്കാത്ത സ്ഥിതി വന്നാൽ ജോലികൾ പൂർണമായി മുടങ്ങുമെന്ന ആശങ്കയുണ്ട്. പുതിയ ജോലികളൊന്നും കരാറുകാർ തുടങ്ങി വയ്ക്കുന്നില്ല. വൻകിട കരാറുകാർ കുറച്ചു ദിവസത്തേക്കെങ്കിലും സാധനങ്ങൾ സ്റ്റോക്ക് ചെയ്തു വയ്ക്കുന്ന പതിവുണ്ട്. എന്നാൽ, ഇടത്തരം, ചെറുകിട കരാറുകാർ അതാത് സമയത്ത് വസ്തുക്കൾ വാങ്ങുകയാണു ചെയ്യുന്നത്. ഇവരെയാണ് സമരം കൂടുതൽ ബാധിക്കുക.
Post a Comment