ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടികൂടി.കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 570 ഗ്രാം സ്വര്‍ണ്ണമാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ താമരശ്ശേരി സ്വദേശി നിഷാദ് (30) ആണ് 570 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.
സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ പാക് ചെയ്ത് രണ്ട് കാപ്‌സ്യുളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ ഒരു കോടി 35 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.മെയ് 20 ന് വൈകുന്നേരം 8.15-ന് ദോഹയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് (IX 376) വിമാനത്തിലാണ് ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ നിഷാദിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.കസ്റ്റഡിയിലെടുത്ത ശേഷം തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും തന്റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന് സമ്മതിക്കാന്‍ ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തി വിശദമായ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് വയറിനകത്ത് രണ്ട് കാപ്‌സ്യൂളുകള്‍ കാണാനായത്.പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും. ഈ വര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന പതിനെട്ടാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.
Post a Comment