May 2, 2023

അവകാശപ്പെട്ട കുതിപ്പില്ലാതെ വന്ദേഭാരത്; സ്റ്റോപ്പുകളിൽ എത്താൻ 20 മിനിറ്റ് വൈകി.


തിരുവനന്തപുരം ∙ പ്രഖ്യാപിച്ച സമയങ്ങളില്‍ റെയിൽവേ സ്റ്റേഷനുകളിൽ കുതിച്ചെത്താനാകാതെ വന്ദേഭാരത് എക്സ്പ്രസ്. കോട്ടയത്തിനും കണ്ണൂരിനും ഇടയ്ക്കുളള സ്റ്റോപ്പുകളിലാണ് നിശ്ചിത സമയത്തില്‍നിന്ന് 20 മിനിറ്റ് വരെ ട്രെയിന്‍ വൈകുന്നത്. വിവിധയിടങ്ങളില്‍ ട്രാക്ക് നവീകരണ ജോലികള്‍ നടക്കുന്നതിനാലുളള വേഗനിയന്ത്രണമാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.


തിരുവനന്തപുരത്തുനിന്ന് രാവിലെ 5.20ന് പുറപ്പെടുന്ന വന്ദേഭാരത് 6.07ന് കൊല്ലത്തെത്തണം. തിങ്കളാഴ്ച മൂന്ന് മിനിറ്റ് വൈകി 6.10നാണ് ട്രെയിനെത്തിയത്. മൂന്നു മിനിറ്റ് വൈകിയാണ് കോട്ടയത്തെത്തിയതും. 8.17ന് എറണാകുളത്ത് എത്തേണ്ട വന്ദേഭാരത് 12 മിനിറ്റ് വൈകി 8.29 നാണ് നോര്‍ത്ത് സ്റ്റേഷനില്‍ നിര്‍ത്തിയത്. തൃശൂരിൽ 9.22ന് എത്തേണ്ട ട്രെയിന്‍ 13 മിനിറ്റ് വൈകി 9.35നാണ് എത്തിയത്.


തൃശൂരിനും ഷൊര്‍ണൂരിനുമിടയില്‍ സമയ വ്യത്യാസം 7 മിനിറ്റായി കുറഞ്ഞു. 11.03ന് കോഴിക്കോട്ട് എത്തേണ്ട വന്ദേഭാരത് 11 മിനിറ്റ് വൈകി. കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ താമസം 20 മിനിറ്റ് ആയി ഉയര്‍ന്നു. എന്നാല്‍, കൃത്യസമയമായ 1.25ന് തന്നെ കാസര്‍കോട് എത്താനായെന്ന് റെയിൽവേ വ്യക്തമാക്കി.

ഒരു റെയില്‍പാത മറ്റൊരു റെയില്‍പാതയുമായി കൂടിച്ചേരുന്ന ക്രോസ് ഒാവര്‍പോയിന്റായ എറണാകുളം മെയിന്റനന്‍സ് യാര്‍ഡിനും എറണാകുളം നോര്‍ത്തിനുമിടയില്‍ എല്ലാ ട്രെയിനുകള്‍ക്കും വേഗം കുറയും. ഇവിടെ 15 കിലോമീറ്റര്‍ മാത്രമാണ് വേഗം. പ്രധാന പാതയില്‍‌നിന്ന് പിരിഞ്ഞു പോകുന്ന ലൂപ് ലൈന്‍ ഫ്ലാറ്റ്ഫോമുകളുള്ള ഷൊര്‍ണൂര്‍ യാര്‍ഡ് മുതലുളള ഭാഗത്തും വേഗം 15 കിലോമീറ്ററിലേയ്ക്ക് താഴും. ഇതുകൂടി കണക്കുകൂട്ടിയാണ് ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷനില്‍നിന്നും അവസാനിക്കുന്ന സ്റ്റേഷനിലേയ്ക്കുള്ള റണ്ണിങ് ടൈം കണക്കുകൂട്ടുന്നത്. അത് കൃത്യമായി പാലിക്കാനാകുന്നുണ്ടെന്നും റയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only