കുമളി∙ അരിക്കൊമ്പൻ ലോവർ ക്യാംപ് ഭാഗത്തുനിന്ന് കുമളിക്കു സമീപം അതിർത്തി കടന്ന് കമ്പം ടൗണിലെത്തി. നടരാജ കല്യാണമണ്ഡപത്തിനു പുറകിൽ വരെ അരിക്കൊമ്പൻ എത്തിയെന്നാണ് വിവരം. ആന കമ്പം ടൗണിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാർ ബഹളം വയ്ക്കുമ്പോൾ അരിക്കൊമ്പൻ റോഡിലൂടെ ഓടുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.
ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന എടുത്തെറിഞ്ഞതിൽ മൂന്നു പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അരിക്കൊമ്പൻ കമ്പംമേട്ട് ഭാഗത്തേക്കാണു നീങ്ങുന്നത്. റോഡിന് സമാന്തരമായി തെങ്ങിന്‍തോപ്പുകളിലൂടെയാണ് ആനയുടെ നീക്കം. കമ്പത്തുനിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റര്‍ ദൂരമാണുള്ളത്. ആനയെ തിരികെ കാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികൾ ഫലം കാണുന്നില്ലെന്നാണ് സൂചന.
ഇന്നലെ വരെ ചിന്നക്കനാൽ മേഖലയിലേക്ക് അരിക്കൊമ്പൻ സഞ്ചരിക്കുന്നതായാണ് വ്യക്തമായിരുന്നത്. കൃഷി സ്ഥലങ്ങൾ ഏറെയുള്ള ഭാഗമാണ് കമ്പം. തമിഴ്നാട്, കേരള വനംവകുപ്പ് അധികൃതർ ആനയെ നിരീക്ഷിക്കുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷം തമിഴ്‌നാട് വനമേഖലയിലേക്ക് അരിക്കൊമ്പൻ കടന്നിരുന്നു.
Post a Comment