May 18, 2023

കെ എസ് ആർ ടി സി ബസിൽ യാത്രക്കാരിയായ യുവനടിയോട് മോശമായി പെരുമാറി; യുവാവിനെതിരെ കേസെടുത്ത് പൊലീസ്


എറണാകുളം: പട്ടാപ്പകൽ കെ എസ് ആർ ടി സി ബസിൽ യാത്രക്കാരിയായ യുവനടിയോട് മോശമായി പെരുമാറിയ സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. സഹയാത്രികനായ കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


കഴിഞ്ഞ ദിവസം അങ്കമാലിയിൽ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പുറപ്പെട്ടപ്പോഴാണ് തനിക്ക് സഹയാത്രികന്‍റെ അടുത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടായതെന്ന് യുവനടി തന്‍റെ സോഷ്യൽ മീഡിയ അക്കൌണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

ചൊവ്വാഴ്ച ഉച്ചയോടെ ദേശീയപാതയിൽ അത്താണിയിലാണ് സംഭവം. അങ്കമാലിയിൽ നിന്നുമാണ് യുവാവ് ബസിൽ കയറുന്നത്. തന്‍റെ അടുത്തായി വന്നിരുന്നു, അപ്പുറത്ത് മറ്റൊരു യാത്രക്കാരിയുണ്ടായിരുന്നു. ബസിൽ കയറിയതുമുതൽ ഇയാള്‍ ഒരു കൈകൊണ്ട് ശരീരത്ത് ഉരസാൻ തുടങ്ങി. കുറച്ച് കഴിഞ്ഞതോടെ പാന്‍റിന്‍റെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയിൽ പെട്ടതോടെ യുവാവറിയാതെ മൊബൈലില്‍ വീഡിയോ എടുത്ത് ചോദ്യം ചെയ്തു- യുവതി പറയുന്നു.

പെട്ടന്നുള്ള പ്രതികരണത്തിൽ പകച്ച യുവാവ് താനൊന്നും ചെയ്തില്ലെന്ന് പറഞ്ഞ് സീറ്റിൽ നിന്നും എഴുന്നേറ്റു. താൻ സീറ്റിൽ നിന്നെഴുന്നേറ്റ് ഒച്ച വച്ചപ്പോൾ ഇയാൾ ബസിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിച്ചു. ഇതോടെ കെഎസ്ആർടിസി ബസിലെ കണ്ടക്ടർ തനിക്ക് പിന്തുണയുമായി വന്നു- യുവതി പറയുന്നു.

ബസ് നിർത്തേണ്ടെന്നും വാതിൽ തുറക്കരുതെന്നും ഡ്രൈവറോട് പറഞ്ഞു. ഇതിനിടെ യുവതി പറഞ്ഞത് സത്യമാണെന്ന് കണ്ടതോടെ യാത്രക്കാരും പിന്തുണയുമായെത്തി. ഇതിനിടെ ബസ് നിർത്തിയതോടെ യുവാവ് ചാടി പുറത്തിറങ്ങി, കൂടെ ഇറങ്ങി കണ്ടക്ടർ ഇയാളെ പിടിച്ചുവെച്ചു. ബലംപിടുത്തത്തിലൂടെ കണ്ടക്ടറെ തള്ളിമാറ്റി യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

ഇതോടെ പിന്നാലെ കൂടിയ കണ്ടക്ടറും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ആ സമയത്ത് തനിക്ക് പ്രതികരിക്കാൻ തോന്നിയതിൽ സന്തോഷമുണ്ടെന്നും തന്നെ സഹായിച്ച ബസ് ജീവനക്കാർക്കും സഹയാത്രികർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും യുവതി വീഡിയോയിൽ പറഞ്ഞു.

ബസിൽ ഒരു നിയമവിദ്യാർഥിനി ഉണ്ടായിരുന്നു. അവർ എന്നോടൊപ്പം അവസാനം വരെ നിന്നു. അവർക്ക് ഞാൻ നന്ദിപറയുന്നു. ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. ബസിലെ കണ്ടക്ടർ വലിയ സഹായമാണ് ചെയ്തത്. ഡ്രൈവർ ഉൾപ്പടെ ബസിൽ ഉണ്ടായിരുന്നവരും നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ ഉള്ളവരും നന്നായി സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ട്. ഇനി അവൻ സിബ്ബ് തുറക്കാൻ പേടിക്കണം’-യുവതി പറയുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only