മുക്കം അഗ്നിരക്ഷാ നിലയത്തിൽ കഴിഞ്ഞ ഒരു വർഷത്തിലേറെയായി കഴിയുന്ന റോസി എന്ന പട്ടിയോടൊപ്പം സേനാംഗങ്ങൾ.
മുക്കം ∙ ജീവൻ രക്ഷിച്ചവർക്കു സ്വന്തം ജീവിതം തന്നെ സമർപ്പിച്ചു നന്ദി കാണിക്കുകയാണ് റോസി എന്ന ‘മുൻ’ തെരുവുനായ. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തനിക്കു വിദഗ്ധ ചികിത്സ നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതിനു പകരമായി മുക്കം അഗ്നിരക്ഷാ നിലയത്തിൽ ഒരു വർഷത്തിലേറെയായി കാവലാളായി കഴിയുന്നു റോസി എന്ന രാജമാണിക്യം..
ഒരു വർഷം മുൻപു തെരുവിൽ കഴിയുമ്പോൾ, അഗസ്ത്യൻമൂഴി അങ്ങാടിയിൽ നിർത്തിയിട്ട വാഹനത്തിനടിയിൽ വിശ്രമിക്കുന്നതിനിടെ നായയ്ക്കു പരുക്കേറ്റിരുന്നു. വാഹനം സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തത് മയക്കത്തിലായിരുന്ന നായ അറിഞ്ഞില്ല. വാഹനത്തിന്റെ അടിയിൽ പെട്ട് ഗുരുതരമായി പരുക്കേറ്റു.
ഒരു കണ്ണിനും കൈക്കും സാരമായി മുറിവേറ്റു. അപകടമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥർ തൊട്ടടുത്തുള്ള മൃഗാശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ ആശുപത്രി അധികൃതർ കോഴിക്കോട്ടേക്ക് വിദഗ്ധ ചികിത്സയ്ക്കയച്ചു. പരുക്കേറ്റ കണ്ണ് ശസ്ത്രക്രിയ ചെയ്തു നീക്കി.
പരുക്കുകൾ ഭേദമായതോടെ നായ തന്നെ അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരെ തേടി എത്തുകയായിരുന്നുവെന്നു സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂർ പറഞ്ഞു. അവർ റോസി എന്നു പേരുമിട്ടു. ഇപ്പോൾ ഒറ്റക്കണ്ണിനു മാത്രമാണ് കാഴ്ച. അങ്ങനെയാണ് രാജമാണിക്യം എന്ന പേരും വീണത്. ഒരു വർഷത്തിലേറെയായി രാപകൽ അഗ്നിരക്ഷാനിലയത്തിൽ തന്നെയാണു താമസം.
നിലയത്തിലെ ഷൈബിൻ എന്ന ഓഫിസർ ആണ് റോസിയുടെ മുഖ്യ പരിചാരകൻ. സ്ഥിരമായി വീട്ടിൽ നിന്ന് കോഴിയിറച്ചി വേവിച്ച് കൊണ്ടുവന്നും റോസിയെ ഭക്ഷിപ്പിക്കുന്നു. പേ വിഷബാധയ്ക്കുള്ള കുത്തിവയ്പും വന്ധ്യതയ്ക്കുള്ള കുത്തിവയ്പും നടത്തിയിട്ടുണ്ട്.അഗ്നിരക്ഷാ നിലയത്തിന്റേതല്ലാത്ത വാഹനങ്ങളോ മറ്റ് ആളുകളോ കോംപൗണ്ടിൽ കയറിയാൽ വരെ റോസി മണത്തറിയും. ഉദ്യോഗസ്ഥർ വരുമ്പോൾ ‘സല്യൂട്ട്’ നൽകി സ്വീകരിക്കാനും റോസി എത്താറുണ്ട്.
Post a Comment