ചെന്നൈ: തിരൂരിലെ ഹോട്ടലുടമ സിദ്ധിഖിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി കൊക്കയിലേക്ക് തള്ളിയ കേസിൽ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്തത് അതീവ രഹസ്യ നീക്കത്തിലൂടെ. ഇന്നലെ രാത്രി എഴ് മണിയോടെയാണ് പ്രതികൾ പിടിയിലായത്. ചെന്നൈ എഗ്മൂർ റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് ഇവർ പിടിയിലായത്. ഝാർഖണ്ഡിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ നീക്കമെന്നും വിവരം ലഭിച്ചു.
ഇന്നലെ വൈകീട്ട് തിരൂർ സിഐ പ്രമോദാണ് തമിഴ്നാട് പൊലീസിന് പ്രതികളെ കുറിച്ച് വിവരം കൈമാറിയത്. പിന്നാലെ തമിഴ്നാട് പൊലീസ് തിരച്ചിൽ ആരംഭിച്ചു. ചെന്നൈ എഗ്മൂർ ആർപിഎഫിന് രഹസ്യ വിവരം ലഭിച്ചപ്പോൾ സമയം അഞ്ച് മണിയായിരുന്നു. ഏഴ് മണിയോടെയാണ് പ്രതികൾ പിടിയിലായത്. ഇവരുടെ കൈവശം ഒരു ട്രോളി ബാഗും ഒരു മൊബൈൽ ഫോണും ഉണ്ടായിരുന്നു. കൈയ്യിലുണ്ടായിരുന്ന പഴ്സിൽ 16000 രൂപയും ഉണ്ടായിരുന്നു. ചെന്നൈ എഗ്മോറിൽ നിന്നും ടിൻസുകിയ എക്സ്പ്രസിൽ പ്രതികൾ കയറും എന്നായിരുന്നു ആർപിഎഫിന് കിട്ടിയ വിവരം. തുടർന്ന് സ്റ്റേഷനിലും പരിസരത്തും വ്യാപക പരിശോധന നടത്തി. ഇതറിയാതെ ട്രെയിൻ കാത്തിരുന്ന പ്രതികൾ കൃത്യമായി പൊലീസിന്റെ വലയിലാവുകയായിരുന്നു
Post a Comment