ടൈറ്റൻ മുങ്ങിക്കപ്പലിലെ ഓക്സിജൻ തീരാനുള്ള സമയ പരിധി അവസാനിച്ചു. ഇതോടെ ടൈറ്റനിലെ അഞ്ചംഗ സംഘത്തെ രക്ഷപ്പെടുത്താനാകുമെന്ന പ്രതീക്ഷയും മങ്ങുകയാണ്.
ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് ടൈറ്റൻ.
ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിംഗ്, പാകിസ്താനി ടൈക്കൂൺ ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, സബ്‌മെർസിബിൾ കമ്പനിയുടെ സിഇഒ, ഒരു പൈലറ്റ് എന്നിവരാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തിനാണ് സഞ്ചാരികൾ പോയത്. 2,50,000 ഡോളറുകളാണ് ( ഏകദേശം രണ്ടു കോടി ഇന്ത്യൻ രൂപ) ഓരോ സഞ്ചാരിയും ഈ അതിസാഹസിക യാത്രയ്ക്കായി നൽകിയത്.
ജൂൺ 18നായിരുന്നു ആ യാത്ര. ടൈറ്റാനിക്കിന് അടുത്തേക്ക് ഒരു തവണ മുങ്ങിപ്പൊങ്ങുന്നതിന് ഏകദേശം എട്ടു മണിക്കൂർ സമയമെടുക്കുമെന്നാണ് കണക്ക്. ടൈറ്റനെ തേടിയുള്ള യാത്രയുടെ ഭാഗമായി മദർഷിപ്പിൽ നിന്ന് വേർപ്പെട്ട ടൈറ്റൻ ആഴങ്ങളിലേക്ക് ചൂഴ്ന്നിറങ്ങി രണ്ട് മണിക്കൂറിനകം തന്നെ സിഗ്‌നൽ നൽകാതായി. അന്ന് മുതൽ ടൈറ്റനുമായുള്ള ആശയവിനിമയം നടന്നിരുന്നില്ല. ടൈറ്റനിൽ നിന്ന് ആശയവിനിമയമില്ലാതായതോടെ അധികൃതർ അപകടം മണത്തു. ടൈറ്റനെ കണ്ടെത്താനുള്ള ശ്രമമായിരുന്നു പിന്നീട്.
7,600 ചതുരശ്ര മൈൽ ( 20,000 ചതുരശ്ര കിലോമീറ്റർ) പരന്ന് കിടക്കുന്ന രണ്ട് മൈലിലേറെ ആഴമുള്ള വടക്കൻ അറ്റലാന്റിക് സമുദ്രത്തിൽ തെരച്ചിൽ നടത്തുക അത്ര എളുപ്പമല്ല. ‘സമുദ്രത്തിന്റെ ആഴങ്ങളിൽ കൂരിരുട്ടാണ്. രക്തമുറയുന്ന തണുപ്പും. മുഖത്തിന് നേരെ കൈ പിടിച്ചാൽ പോലും കാണില്ല’- ടൈറ്റാനിക് വിദഗ്ധൻ ടിം മാൾട്ടിൻ എൻബിസി ന്യൂസിനോട് പറഞ്ഞു. ബഹിരാകാശത്ത് പോകുന്നതിന് സമാനമാണ് സമുദ്രത്തിലെ തെരച്ചിലെന്നും അദ്ദേഹം പറയുന്നു.
സമുദ്രത്തിന്റെ അടിത്തട്ട് ചിത്രങ്ങളിൽ കാണുന്നത് പോലെ നിരപ്പായതല്ലെന്നും അവിടെ നിരവധി കുന്നുകളും താഴ്വരകളുമുണ്ടെന്നും കീലി സർവകലാശാല പ്രൊഫസർ ജെയ്മി പ്രിംഗ്ലി പറയുന്നു. ഇതിന് പുറമെ കരയേക്കാൾ 400 ഇരട്ടി മർദമാണ് നാല് കിലോമീറ്റർ ആഴത്തിൽ വെള്ളത്തിനടിയിലുണ്ടാവുക. ഈ മർദം എക്വിപ്‌മെന്റുകളിൽ സമ്മർദം സൃഷ്ടിക്കുമെന്നും വളരെ കുറച്ച് അന്തർവാഹിനികൾക്ക് മാത്രമേ ഈ മർദം താങ്ങാനാകൂവെന്നും അദ്ദേഹം പറയുന്നു. ന്യൂക്ലിയർ സബ്മറൈനുകൾ സാധാരണ 300 മീറ്റർ ആഴത്തിൽ മാത്രമേ പ്രവർത്തിക്കാറുള്ളു.
ടൈറ്റൻ അപകടത്തിൽ പെടാൻ കാരണം വേണ്ടത്ര സുരക്ഷയില്ലാത്തതിനാലാണെന്ന മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ ചർച്ചയായിരുന്നു. ഒപ്പം ആമസോണിൽ നിന്നും വെറും 3757 രൂപയ്ക്ക് വാങ്ങിയ വിഡിയോ ഗെയിം കൺട്രോളർ ഉപയോഗിച്ചാണ് ഈ മുഴുവൻ മുങ്ങിക്കപ്പലും നിയന്ത്രിച്ചിരുന്നതെന്ന ആരോപണം ശക്തമാക്കിക്കൊണ്ട് ഒരു ഓൺബോർഡ് വിഡിയോയും പുറത്ത് വന്നിരുന്നു. കാണാതായ മുങ്ങിക്കപ്പൽ ടൈറ്റൻ എവിടെയാണെന്ന അമ്പരപ്പിലാണ് ലോകം.
Post a Comment