തിരുവനന്തപുരത്തെ തമ്പാനൂർ പൊലീസ് ഒരു കോടീശ്വരന് രഹസ്യ സുരക്ഷ ഒരുക്കുകയാണ്. ആരുടെയും കണ്ണിൽപ്പെടാതെ സംരക്ഷിക്കുകയാണ്. ആരെങ്കിലും അപായപ്പെടുത്താൻ സാധ്യതയുണ്ടന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ സ്പെഷൽ സുരക്ഷ. എന്നാൽ ഈ കോടീശ്വരൻ രാഷ്ട്രീയക്കാരനോ അതി സമ്പന്നനൊന്നും അല്ല. ഇതര സംസ്ഥാന തൊഴിലാളിയാണ്. ഇതര സംസ്ഥാന തൊഴിലാളിക്ക് കേരള പൊലീസ് സ്പെഷൽ സുരക്ഷ നൽകുന്നതിന്റെ കഥ ഇങ്ങിനെ.
ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഒരാൾ തമ്പാനൂർ സ്റ്റേഷനിലെക്ക് ഓടിക്കിതച്ച് എത്തി. പൊലീസുകാർ കാര്യങ്ങൾ തിരക്കി. ബംഗാളുകാരനാണ്. പേര് ബിർഷു റാബ. 30 വയസ്. തിരുവന്തപുരത്ത് കെട്ടിടനിർമാണ തൊഴിലാളിയാണ്. ബിർഷു ആകെ പേടിച്ചിരിക്കുകയാണ്. കാര്യം തിരക്കിയപ്പോൾ പായ്ക്കറ്റിൽ നിന്ന് ഒരു ലോട്ടറി ടിക്കറ്റ് എടുത്ത് കാണിച്ചു. ബുധനാഴ്ചത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി ബിർഷുവിന് അടിച്ചു. ഇക്കാര്യം പുറത്ത് ആരെങ്കിലും അറിഞ്ഞാൽ തന്നെ അപായപ്പെടുത്തുമെന്നാണ് ഭയം.
തമ്പാനൂർ എസ്. എച്ച്. ഒ പ്രകാശ് ഇക്കാര്യം അറിഞ്ഞതോടെ ബിർ ഷുവിനെ സ്റ്റേഷനിൽ സ്വസ്ഥമുള്ള സ്ഥലത്ത് ഇരുത്തി സമാധാനിപ്പിച്ചു. ഉടൻ തന്നെ ഫെഡറൽ ബാങ്ക് മാനേജരെയും വിളിച്ച് വരുത്തി. ലോട്ടറി ടിക്കറ്റ് അവിടെ വച്ച് തന്നെ സുരക്ഷിതമായി ബാങ്കിന് കൈമാറി. ലോട്ടറി ടിക്കറ്റ് കൈമാറിയിട്ടും ബിർ ഷുവിന്റെ പേടി മാറിയില്ല. പണം ലഭിക്കും വരെ സുരക്ഷിതമായി ഒരു സ്ഥലത്ത് താമസിക്കണമെന്നായിരുന്നു അടുത്ത ആവശ്യം. അങ്ങിനെ ഒരു സ്ഥലവും കണ്ടെത്തി. അങ്ങിനെ പാവം കോടീശ്വരന് പണം കിട്ടും വരെ രഹസ്യ സുരക്ഷയും നൽകാൻ തീരുമാനിച്ചു.
Post a Comment