Jun 7, 2023

പടനിലം പാലം സ്ഥലമെടുപ്പ് ഭൂ ഉടമകള്‍ക്ക് നല്‍കേണ്ട തുക അനുവദിച്ച് ഉത്തരവായി


കൊടുവള്ളി :
പടനിലം പാലം നിര്‍മ്മാണത്തിന് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉടമകള്‍ക്ക് ട്രഷറി മുഖേന പണം കൈമാറുന്നതിന് തുക അനുവദിച്ചുകൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവായി
പാലത്തിനും അപ്രോച്ച് റോഡിനും വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന് 1,07,94,458 രൂപയാണ് സ്പെഷ്യല്‍ തഹസില്‍ദാര്‍ വിലയായി നിശ്ചയിച്ചിരുന്നതെങ്കിലും ഭൂമി ഏറ്റെടുക്കല്‍ നോട്ടിഫിക്കേഷന്‍ തീയതിയായ 14-10-2019 മുതലുള്ള പലിശയായ 45,95,777 രൂപ അടക്കം 1,53,90,235 രൂപയാണ് ഉടമകള്‍ക്ക് കൈമാറുന്നതിന് ട്രഷറിയിലേക്ക് മാറ്റിയിട്ടുള്ളത്. പാലം നിര്‍മ്മാണത്തിനും സ്ഥലം ഏറ്റെടുക്കുന്നതിനും 2023 മാര്‍ച്ച് 16 ന് 7.16 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. എന്നാല്‍ സ്ഥലമുടമകള്‍ക്ക് നഷ്ടപരിഹാരം കൈമാറാത്തതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പാലം പ്രവൃത്തി ടെണ്ടര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. തടസ്സങ്ങള്‍ നീങ്ങിയ സാഹചര്യത്തില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പാലം പ്രവൃത്തി ഉടനെ ആരംഭിക്കുന്നതിന് സാധ്യമാവും.  

പൂനൂര്‍ പുഴക്ക് കുറുകെ പടനിലത്തുള്ള ഇടുങ്ങിയ പാലം ഏറെക്കാലമായി ഗതാഗതക്കുരുക്കിന് ഇടയാക്കി വരികയാണ്. പടനിലം നരിക്കുനി റോഡിന്റെ നവീകരണം പൂര്‍ത്തിയായെങ്കിലും പാലം പുനര്‍ നിര്‍മ്മിക്കാത്തതുകാരണം ഇരുഭാഗത്തേക്കും കടന്നുപോവുന്ന വാഹനങ്ങള്‍ പാലത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കാതെ കാത്തിരിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഇതിന് പരിഹാരമായി പുതിയ പാലം നിര്‍മ്മിക്കണമെന്ന ഏറെക്കാലമായുള്ള പ്രദേശവാസികളുടെ ആവശ്യമാണ് പാലം പ്രവൃത്തിക്കുള്ള തടസ്സങ്ങള്‍ പൂര്‍ണ്ണമായും നീങ്ങിയ സാഹചര്യത്തില്‍ പൂവണിയുന്നത്.

2011 ല്‍ പാലത്തിന് ഭൂമി ഏറ്റെടുക്കാന്‍ 50 ലക്ഷം രൂപയുടെയും, 2018 ല്‍ പാലം നിര്‍മ്മാണത്തിന് 5.5 കോടി രൂപയുടെയും ഭരണാനുമതി ലഭ്യമാക്കിയിരുന്നുവെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതില്‍ വന്ന കാലതാമസമാണ് പ്രവൃത്തി ആരംഭിക്കുന്നത് വൈകാന്‍ ഇടയാക്കിയത്. പാലം നിര്‍മ്മിക്കുന്നതിന് കുന്ദമംഗലം, മടവൂര്‍ വില്ലേജുകളിലായി 34.2 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഭൂ ഉടമകളില്‍ നിന്ന് മുന്‍കൂറായി സ്ഥലം ലഭ്യമാക്കാന്‍ നാട്ടുകാരുടെ കമ്മിറ്റി ശ്രമം നടത്തിയിരുന്നുവെങ്കിലും ചില ഭൂ ഉടമകള്‍ ആയത് നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് പാലം പ്രവൃത്തി നേരത്തേ ടെണ്ടര്‍ ചെയ്യാന്‍ സാധിക്കാതെ പോയത്.   

അറുപത് വര്‍ഷത്തോളം പഴക്കമുള്ള പടനിലത്തെ ഇടുങ്ങിയ പാലം നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ പാലം നിര്‍മ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ആകെ 79 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന പുതിയ പാലത്തിന് 1.5 മീറ്റര്‍ വീതിയിലുള്ള ഫുട്പാത്ത് ഉള്‍പ്പെടെ 9.5 മീറ്റര്‍ വീതിയാണ് ഉണ്ടാവുക. പടനിലം ഭാഗത്ത് 150 മീറ്റര്‍ നീളത്തിലും ആരാമ്പ്രം ഭാഗത്ത് 80 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്ന പ്രവൃത്തിയും പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കും. 1 കോടി രൂപ ചെലവില്‍ വീതികൂട്ടി നവീകരിക്കുന്നതിന് അനുമതിയായ പടനിലം ജംഗ്ഷന്റെ പ്രവൃത്തികൂടി പാലത്തിനൊപ്പം പൂര്‍ത്തീകരിക്കുന്നതോടെ ഈ ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത് 

പി.ടി.എ റഹീം എം.എല്‍.എ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only