മിമിക്രി കലാകരനായി പ്രിയം നേടിയ താരമാണ് മഹേഷ് കുഞ്ഞുമോൻ. അടുത്തിടെ വാഹനാപകടത്തില്‍ മഹേഷിന് പരുക്കേറ്റിരുന്നു. ആരോഗ്യം വീണ്ടെടുത്തു വരികയാണ് എന്ന് മഹേഷ് കുഞ്ഞുമോൻ വ്യക്തമാക്കിയിരിക്കുകയാണ്. താൻ പഴയതിനേക്കാളും അടിപൊളിയായി തന്നെ തിരിച്ചുവരും എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എനിക്ക് വേണ്ടി പ്രാര്‍ഥിച്ചവരോട് നന്ദി പറയുകയാണ് ഞാൻ. ഞാൻ മിമിക്രി ആര്‍ടിസ്റ്റും ഡബ്ബിംഗ് ആര്‍ടിസ്റ്റും ആണ്. മിമിക്രിയാണ് എന്റെ ഏറ്റവും മെയിൻ. മിമിക്രിയിലൂടെ ആണ് നിങ്ങള്‍ എല്ലാവരും തന്നെ തിരിച്ചറിഞ്ഞതും ഇഷ്‍ടപ്പെട്ടതും. ഇനി കുറച്ചു നാളത്തേയ്‍ക്ക് വിശ്രമമാണ്. പക്ഷേ നിങ്ങള്‍ ആരും വിഷമിക്കേണ്ട. ഞാൻ പഴയതിനേക്കാളും അടിപൊളിയായി തിരിച്ചുവരും. അപ്പോഴും നിങ്ങള്‍ എന്റെ കൂടെയുണ്ടാകണം. സപ്പോര്‍ട്ടുണ്ടാകണം എന്നും മഹേഷ് പറഞ്ഞു.
നിരവധി ആരാധകരുള്ള ജനകീയനായ മിമിക്രി താരമാണ് മഹേഷ് കുഞ്ഞുമോൻ. മിമിക്രിയിലെ പെര്‍ഫെക്ഷനിലിസ്റ്റ് എന്നാണ് മഹേഷ് കുഞ്ഞുമോൻ അറിയപ്പെടുന്നത്. നരേന്ദ്ര മോദി, പിണറായി വിജയൻ, വിജയ് സേതുപതി തുടങ്ങിയവരുടെ ശബ്‍ദങ്ങള്‍ കൃത്യതയോടെ മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കുമായിരുന്നു. വിനീത് ശ്രീനിവാസനെ അവതരിപ്പിച്ചായിരുന്നു മിമിക്രി രംഗത്തേയ്‍ക്ക് മഹേഷ് എത്തിയത്.
‘വിക്രം’ എന്ന ഹിറ്റ് തമിഴ് സിനിമയുടെ മലയാളം പതിപ്പില്‍ ഏഴ് വ്യത്യസ്‍ത കഥാപാത്രങ്ങള്‍ക്ക് ശബ്‍ദം നല്‍കി മഹേഷ് കുഞ്ഞുമോൻ പ്രേക്ഷകരെ വിസ്‍മയിച്ചിരുന്നു. അന്തരിച്ച നടൻ അനില്‍ നെടുമങ്ങാടിനും മഹേഷ് ഡബ്ബ് ചെയ്‍തിരുന്നു. എറണാകുളത്ത് പുത്തൻ കുരിശിനടുത്ത് കുറിഞ്ഞിയാണ് മഹേഷ് കുഞ്ഞുമോന്റെ ജന്മദേശം. കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹന അപകടത്തിലാണ് മഹേഷിനും പരുക്കേറ്റത്. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ബിനു അടിമാലിക്കും അപകടത്തില്‍ പരുക്കേറ്റിരുന്നു. ബിനു അടിമാലിയും ആരോഗ്യം വീണ്ടെടുത്തുവരികയാണ്.
Post a Comment