കോഴിക്കോട്: കോഴിക്കോട് ട്രെയിനിന് തീവെക്കാൻ ശ്രമിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസിന്റെ കമ്പാർട്ട്‌മെന്റിന് ഉള്ളിൽ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ യുവാവണ് പിടിയിലായത്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് സംശയമെന്ന് പൊലീസ് പറഞ്ഞു.
കൊയിലാണ്ടിക്കും എലത്തൂരിനും ഇടയിലായിരുന്നു സംഭവം. യാത്രക്കാരനായ പ്രതി കമ്പാർട്ട്‌മെന്റിനകത്ത് ഒട്ടിച്ചിരുന്ന മുന്നറിയിപ്പ് സ്റ്റിക്കർ കീറിയെടുത്ത് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് ഇയാളെ പിടികൂടി ആർ.പി.എഫിന് കൈമാറിയത്.
കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് രണ്ട് മാസം മുമ്പ് എലത്തൂരിൽവെച്ച് തീവെച്ച കേസിലെ പ്രതി ഷാരൂഖ് സെയ്ഫി എൻ.ഐ.എ കസ്റ്റഡിയിലാണ്. രണ്ട് ദിവസം മുമ്പ് കണ്ണൂരിലും ട്രെയിനിന് തീവെച്ചിരുന്നു. ഈ കേസിലെ പ്രതിയും മാനസികരോഗിയാണ് എന്നാണ് പൊലീസ് പറഞ്ഞത്
Post a Comment