കൂടരഞ്ഞി: കക്കാടംപൊയിലിനു സമീപം ചീങ്കണ്ണിപാലിയിൽ കാട്ടാന ആക്രമണം രൂക്ഷമായതിനെ തുടർന്ന് കർഷകർ പ്രതിസന്ധിയിൽ.
വിജയൻ പ്ലാത്തോട്ടം, സജു പാവയ്ക്കൽ, സലാം ചീങ്കണ്ണിപാലി, കുട്ടിയച്ചൻ ഇളംതുരുത്തി എന്നിവരുടെ വാഴ കൃഷിയാണ് കാട്ടാനകൾ നശിപ്പിച്ചത്. കോഴിക്കോട് -മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശമായി ഇവിടെ കർഷകർ ഉപജീവനമാർഗമായി തെരഞ്ഞെടുത്തിരിക്കുന്നത് വാഴകൃഷിയാണ്. എന്നാൽ രാത്രി കൂട്ടത്തോടെ വരുന്ന ആനകൾ വാഴകൃഷി നശിപ്പിച്ച് കർഷകർക്ക് വലിയ നാശനഷ്ടമാണ് ഉണ്ടാക്കുന്നത്. പകൽ സമയത്ത് വനാതിർത്തിയിലേക്ക് മാറുന്ന കാട്ടാനകൾ രാത്രി തിരിച്ചെത്തി വാഴകൃഷി നശിപ്പിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ വനപാലകർ കാര്യങ്ങൾ വിലയിരുത്തി പോകുന്നതല്ലാതെ ആനകളെ സ്ഥിരമായി തുരത്തുന്നതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് കൃഷി നടത്തുന്ന കർഷകർ നിലനിൽപ്പിന് മാർഗമില്ലാതെ ദുരിതത്തിലായ അവസ്ഥയിലാണ്.
Post a Comment