Aug 3, 2023

വിദേശ വനിതയെ മദ്യം നല്‍കി ബോധം കെടുത്തി പീഡിപ്പിച്ച രണ്ടുപേർ പിടിയില്‍


കൊല്ലം: മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം വിദേശ വനിതയെ ക്രൂരമായി പീഡിപ്പിച്ച രണ്ടു യുവാക്കളെ പോലീസ്‌ പിടികൂടി.

ആലുംകടവ്‌ ചെറിയഴീക്കല്‍ പന്നിശേരില്‍ നിഖില്‍(28), ചെറിയഴീക്കല്‍ അരശേരില്‍ ജയന്‍(39) എന്നിവരാണ്‌ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്‌. കരുനാഗപ്പള്ളി വള്ളിക്കാവ്‌ മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിക്കാനെത്തിയ യുവതിയെയാണ്‌ ഇവര്‍ പീഡിപ്പിച്ചത്‌. 44 വയസുകാരി രണ്ടാഴ്‌ച മുമ്ബാണ്‌ അമേരിക്കയില്‍ നിന്ന്‌ മഠം സന്ദര്‍ശിക്കാനായി എത്തിയത്‌. തിങ്കളാഴ്‌ച രാവിലെ ആശ്രമത്തിന്‌ തൊട്ടടുത്തുള്ള ബീച്ചില്‍ ഇരിക്കവെ യുവാക്കള്‍ യുവതിയുമായി സൗഹൃദം സ്‌ഥാപിച്ചു.

പിന്നീട്‌ സിഗരറ്റ്‌ വേണോയെന്ന്‌ ചോദിച്ചു. അവര്‍ അത്‌ വിസമ്മതിച്ചപ്പോള്‍ മദ്യകുപ്പി നല്‍കി പ്രലോഭിപ്പിച്ച്‌ ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു. തുടര്‍ന്നു അമിതമായി മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം ഇരുവരും പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ആശ്രമത്തിലെത്തിയ യുവതി അധികൃതരോട്‌ വിവരം പറഞ്ഞു.

ആശ്രമത്തില്‍ നിന്ന്‌ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട്‌ കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്‍കുകയും ചെയ്‌തു. യുവതിയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി കരുനാഗപ്പള്ളി എ.സി.പി. പ്രദീപ്‌കുമാറിന്റെ മേല്‍നോട്ടത്തില്‍ ഇരുവരേയും പിടികൂടുകയായിരുന്നു. നിഖില്‍ നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ്‌.

കരുനാഗപ്പള്ളി പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌.ഐ മാരായ ഷെമീര്‍, ഷാജിമോന്‍, എസ്‌.സി.പി.ഒ. രാജീവ്‌, സി.പി.ഒമാരായ ഹാഷിം, ബീന എന്നിവരുള്‍പ്പെട്ട സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. ഈ മാസം എട്ടിന്‌ യുവതി സ്വദേശത്തേക്കു മടങ്ങാനിരിക്കയായിരുന്നു.കൃത്യത്തില്‍ കൂടുതല്‍ പേരുണ്ടോയെന്ന്‌ അന്വേഷിക്കുമെന്ന്‌ പോലീസ്‌ പറഞ്ഞു.




Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only