Aug 15, 2023

ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി


ന്യൂഡൽഹി: രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രണ്ടു സൈനിക ഹെലികോപ്റ്ററുകൾ ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. 140 കോടി കുടുംബാഗങ്ങളെ എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടി നൽകുന്നതിനായി ജീവത്യാഗം ചെയ്ത എല്ലാവർക്കും ആദരമർപ്പിക്കുന്നതായി മോദി അറിയിച്ചു.

മണിപ്പുരിലെ അക്രമസംഭവങ്ങളെ കുറിച്ചും മോദി പ്രസംഗത്തിൽ പരാമർശിച്ചു.‘മണിപ്പുരിൽ അടക്കം പല ഭാഗങ്ങളിലും ഹിംസാത്മക സംഭവങ്ങളുണ്ടായി. മണിപ്പുരിൽ സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന അക്രമമുണ്ടായി. രാജ്യം മണിപ്പുരിനൊപ്പമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മണിപ്പുരിൽ സമാധാനാന്തരീക്ഷമുണ്ടാക്കാൻ ശ്രമിക്കുകയാണ്, അത് തുടരും. മണിപ്പുർ ഇപ്പോൾ സമാധാനപാതയിലേക്ക് തിരിച്ചെത്തുകയാണ്.’–മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽനിന്ന്: ജനസംഖ്യ, ജനാധിപത്യം, വൈവിധ്യം എന്നിവയ്ക്ക് രാജ്യത്തിന്റെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനുള്ള കഴിവുണ്ട്. ഏറ്റവും അധികം യുവാക്കൾ ഇന്ത്യയിലാണ്. യുവജനങ്ങളിലാണ് രാജ്യത്തിന്റെ പ്രതീക്ഷ.ഇന്ത്യയിൽ എല്ലാവർക്കും അവസരമുണ്ട്. ആഗ്രഹിക്കുന്നവർക്ക് ആകാശത്തോളം അവസരം ഇന്ത്യ നൽകും. ഇന്ത്യയുടെ കയറ്റുമതി അതിവേഗം വർധിക്കുന്നു. കാർഷികരംഗത്തും കയറ്റുമതിയിലും ഇന്ത്യ മുന്നേറുന്നു. ഇന്ത്യ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നു, ഇന്ത്യയുടെ വൈവിധ്യം ലോകം കാണുന്നു. ഇന്ത്യയുടെ വളർച്ചയും വികസനവും രാജ്യത്തിത്തോടുള്ള ലോകരാജ്യങ്ങളുടെ വിശ്വാസത്തിന് കാരണമായി. രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി വിശ്വാസമാണ്– സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം, രാജ്യത്തിന്റെ മികച്ച ഭാവിയിലുള്ള വിശ്വാസം, ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം. ലോകമഹായുദ്ധത്തിനു ശേഷം പുതിയ ലോകക്രമം ഉടലെടുത്തപോലെ, കോവിഡിനു ശേഷം പുതിയൊരു ലോകക്രമം ഉടലെടുക്കുന്നത് എനിക്ക് കാണാൻ കഴിയും. മാറുന്ന ലോകത്തെ രൂപപ്പെടുത്താൻ ഇന്ത്യയിലെ ജനങ്ങളുടെ കഴിവുകൾ പ്രധാനമാണ്. ബോളിപ്പോൾ നമ്മുടെ കോർട്ടിലാണ്, അവസരങ്ങൾ പ്രയോജനപ്പെടുത്തണം. ഇന്ത്യയുടെ കഴിവുകളെ കുറിച്ച് ആരുടെ മനസ്സിലും ഒരു സംശയവും ആവശ്യമില്ല. 2014ൽ ജനങ്ങൾ തീരുമാനിച്ചു രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ശക്തവും സുസ്ഥിരവുമായ സർക്കാർ ആവശ്യമാണെന്ന്. അസ്ഥിതരതയുടെ കാലഘട്ടത്തിൽ നിന്ന് ഇന്ത്യ മോചിതമായിരിക്കുന്നു. ‘രാജ്യം ആദ്യം’ എന്ന ഞങ്ങളുടെ പോളിസി ഉൾക്കൊണ്ട് 2014ഉം 2019ലും ജനങ്ങൾ ഞങ്ങളെ അധികാരത്തിലേറ്റി. ഇത് എനിക്ക് കൂടുതൽ ശക്തി പകർന്നു. കോവിഡിനു ശേഷം സമഗ്രമായ ആരോഗ്യസംരക്ഷണം ആവശ്യമായി വന്നു, യോഗയും ആയുഷും രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ടു. ഈ കാലഘട്ടത്തിലെ നമ്മുടെ തീരുമാനങ്ങളും ത്യാഗങ്ങളും അടുത്ത 1000 വർഷങ്ങളിലേക്ക് പ്രതിഫലിക്കും. പുതിയ ആത്മവിശ്വാസത്തോടെ, ദൃഢനിശ്ചയത്തോടെ ഇന്ത്യ മുന്നേറുകയാണ്. ലോകത്തെ നയിക്കുന്നത് സാങ്കേതികവിദ്യയാണ്. ഈ മേഖലയിലെ ഇന്ത്യയുടെ നൈപുണ്യം രാജ്യാന്തര തലത്തിൽ പുതിയ പങ്കും സ്വാധീനവും നൽകുന്നു. രാജ്യം അതിവേഗം മുന്നേറുകയാണെന്നാണ് രാജ്യാന്തര വിദഗ്ധർ പറയുന്നത്.

രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ എത്തിയത്. കേന്ദ്ര മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ചെങ്കോട്ടയിലെത്തി ചടങ്ങുകളിൽ പങ്കെടുക്കുന്നു. കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. 2021ൽ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോടെ തുടക്കം കുറിച്ച ആസാദി കാ അമൃത് മഹോത്സവത്തിന് ഇന്ന് സമാപനമാകും. രാജ്യത്തെ ജനങ്ങൾക്ക് മോദി സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. സ്വാതന്ത്ര്യസമരസേനാനികൾക്ക് ആദരമർപ്പിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. അവരുടെ വീക്ഷണം യാഥാർഥ്യമാക്കുമെന്ന പ്രതിജ്ഞ ആവർത്തിച്ച് ഉറപ്പിക്കുന്നതായും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു. ചെങ്കോട്ടയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തുന്നവരിൽ എട്ട് മലയാളി ആരോഗ്യപ്രവർത്തകരും പങ്കെടുക്കുന്നു. വിവിധ മേഖലകളിൽനിന്നുള്ള 1800 പേരാണ് വിശിഷ്ടാതിഥികളാകുന്നത്. ഇതിൽ 50 പേർ നഴ്സുമാരാണ്. മോദി പതാകയുയർത്തിയപ്പോൾ മലയാളി കരസേന ഓഫിസർ നികിത നായർക്ക് ഇത് ചരിത്രനിമിഷം. പ്രധാനമന്ത്രി പതാക ഉയർത്തുമ്പോൾ ഒപ്പം നിൽ‌ക്കാൻ അവസരം കിട്ടുന്ന രണ്ടു കരസേന ഉദ്യോഗസ്ഥരിൽ ഒരാളാണ് തിരുവനന്തപുരം സ്വദേശിനി നികിത. ചരിത്രത്തിൽ ആദ്യമായാണ് കരസേനയിലെ വനിത ഓഫിസർമാർ പ്രധാനമന്ത്രിക്കൊപ്പം ചെങ്കോട്ടയിലെ ചടങ്ങിൽ അണിനിരന്നത്. 2016ലാണ് നികിത സേനയിൽ ചേർന്നത്.കേരളത്തിലും സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only