Aug 2, 2023

കക്കാടംപൊയില്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി വ്യാപക നാശം


കൂടരഞ്ഞി / കൂമ്പാറ : ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി നാശം വിതയ്ക്കുന്നു. കക്കാടംപൊയില്‍ കരിമ്പ്, കള്ളിപ്പാറ, തേനരുവി, ചീങ്കണ്ണിപ്പാലി തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമാകുന്നത്.


എടപെട്ടി പൊയില്‍ ഫോറസ്റ്റില്‍ നിന്നും, 50 ഏക്കര്‍ എന്നറിയപ്പെടുന്ന വനമേഖലയില്‍ നിന്നുമാണ് കാട്ടാന ഇറങ്ങുന്നത്. കക്കാടംപൊയിലിനും, താഴെ കക്കാടിനും ഇടയില്‍ മലയോര ഹൈവേയോട് 500 മീറ്റര്‍ അടുത്ത കൃഷിയിടം വരെ ആനയിറങ്ങി നാശം വിതച്ചു.

കഴിഞ്ഞ ദിവസം പകല്‍ സമയത്ത് കരിമ്പ് റോഡിന്‍റെ സൈഡില്‍ ആന നിലയുറപ്പിച്ചത് ടൂറിസ്റ്റുകളെയും നാട്ടുകാരെയും അടക്കം പരിഭ്രാന്തിയിലാക്കി._ _തീറ്റയും വെള്ളവും ആവശ്യത്തിന് വനത്തില്‍ ഉണ്ടെങ്കിലും കൃഷിയിടത്തിലിറങ്ങി ചക്ക, കൊക്കോ തുടങ്ങിയവ പറിച്ചു തിന്നാനാണ് പട്ടാപ്പകല്‍ പോലും കൃഷിയിടങ്ങളിലേക്ക് ആന ഇറങ്ങുന്നത്._ _കരിമ്പ് ചീങ്കണ്ണിപ്പാലി കോളനികളില്‍ നിന്നും നിരവധി വിദ്യാര്‍ഥികള്‍ ഈ വഴിയാണ് കക്കാടംപൊയില്‍ സ്കൂളിലേക്ക് എത്തുന്നത്.

മഠത്തി കണ്ടത്തില്‍ ജിമ്മി, മഠത്തി കണ്ടത്തില്‍ ജെയ്സണ്‍, പോള്‍ കളപ്പുര, ജോര്‍ജ് കളപ്പുര തുടങ്ങിയവരുടെ കൃഷിയിടത്തില്‍ ആന ഇറങ്ങി വാഴയും, തെങ്ങും പുല്‍ കൃഷിയും നശിപ്പിച്ചു. പകല്‍ സമയത്തും ആനയെ കാണാൻ തുടങ്ങിയതോടെ നാട്ടുകാരും ഭീതിയിലാണ്. കഴിഞ്ഞദിവസം കള്ളിപ്പാറ ഭാഗത്തും ആന ഇറങ്ങി കൃഷി നാശം വരുത്തിയിരുന്നു.

വനപാലകരോട് പലതവണ പരാതിപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആന ഇറങ്ങുമ്പോൾ പടക്കം പൊട്ടിച്ചും കൂക്കിവിളിച്ചും ആനയെ തുരത്താൻ ശ്രമിക്കണമെന്നാണ് വനപാലകര്‍ കര്‍ഷകരോട് പറയുന്നത്. ഇങ്ങനെ പോയാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ജനവാസ മേഖലയിലേക്ക് ആന ഇറങ്ങാൻ സാധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. അധികൃതര്‍ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടകാരുടെ ആവശ്യം.

02-08-2023-ബുധൻ




Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only