Sep 26, 2023

അടിവാരത്ത് സി പി എം, ബി ജെ പി സംഘർഷം


പുതുപ്പാടി: കള്ള് ഷാപ്പിൽ പാട്ട് പാടിയതുമായി ബന്ധപ്പെട്ട തർക്കം സിപിഐഎം ബിജെപി സംഘർഷത്തിൽ കലാശിച്ചു. പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിലിലെ കള്ള് ഷാപ്പിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ബിജെപി മണ്ഡലം ഭാരവാഹിയുടെ മകനും സഹോദരി പുത്രനും കള്ളുഷാപ്പിൽ വച്ച് മദ്യപിച്ച ശേഷം ഏറെ നേരം പാട്ടുപാടിയെന്നും ഇത് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഷാപ്പ് നടത്തിപ്പുകാരനും സിപിഐഎം പ്രവർത്തകനുമായ ബിജുവിനെ ആക്രമിച്ചുവെന്നുമാണ് പരാതി. ഷാപ്പിലെ കുപ്പികളും മേശയും ഉൾപ്പെടെ അടിച്ചു തകർത്തതായും പരാതിയുണ്ട്.

പിന്നീട് ബിജുവിന്റെ വീട്ടിൽ സംഘടിച്ചെത്തിയ ബിജെപി പ്രവർത്തകർ വീടിന് കല്ലെറിയുകയും ഭാര്യയെയും മകളെയും അസഭ്യം പറയുകയും ചെയ്തതായി ഇവർ ആരോപിക്കുന്നു. പിന്നീട് വീട്ടിലേക്ക് പുറപ്പെട്ട ബിജുവിനെ പലസ്ഥലങ്ങളിൽ വച്ച് ബിജെപി പ്രവർത്തകർ തടഞ്ഞു. അടിവാരത്തെ ഹോട്ടലിൽ അഭയം തേടിയതോടെ ഹോട്ടലിനു പുറത്തും ബിജെപി പ്രവർത്തകർ സംഘടിച്ചു. ബിജുവിനെ ഇറക്കി വിട്ടില്ലെങ്കിൽ ഹോട്ടൽ അടിച്ച് തകർക്കുമെന്നും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സിപിഎം പ്രവർത്തകരെ ബിജെപി പ്രവർത്തകർ ആക്രമിച്ചു. ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് ശശിയുടെ വീടിന് നേരെയും രാത്രിയിൽ അക്രമം ഉണ്ടായി. വാഹനങ്ങളും വീട്ടുപകരണങ്ങളും അടിച്ചു തകർത്തു. പോലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.
രാത്രി 8.30 ഓടെ ആരംഭിച്ച സംഘർഷം 1.30 വരെ നീണ്ടുനിന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only