Sep 30, 2023

ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സാന്ത്വന പരിചരണനത്തിന് പ്രവർത്തന ഫണ്ട് സമാഹരിച്ച് നൽകി സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ


കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ,ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പഞ്ചായത്തിൽ നടത്തിവരുന്ന സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരിച്ച് നൽകി.


കോടഞ്ചേരി പഞ്ചായത്തിൽ വിവിധ രോഗങ്ങളാൽ അവശതയനുഭവിക്കുന്ന പ്രിയപ്പെട്ടവരുടെ സാന്ത്വനപരിചരണം ഉറപ്പു വരുത്തുന്നു.അതിനായി ഡോക്ടർ,നഴ്സ്,സുമനസ്സുകളായ പാലിയേറ്റീവ് പ്രവർത്തകർ എന്നിവരടങ്ങിയ സംഘം രോഗികളുടെ വീടുകളിൽ നേരിട്ടെത്തി ആംബുലൻസ് സർവ്വീസ് നടത്തി വരുന്നു.അതോടൊപ്പം പുതുതായി ആരംഭിച്ച ഫിസിയോതെറാപ്പി,കമ്യൂണിറ്റി സൈക്യാട്രിക് ചികിത്സകളിലൂടെ ശാരീരികമായും,മാനസ്സികമായും ശാരീരികക്ഷമത വീണ്ടെടുക്കുന്നതിനും അതു വഴി ആബാലവൃദ്ധം ജനങ്ങൾക്ക് ആരോഗ്യം നിലനിർത്താനും,വേദന നിയന്ത്രിക്കാനും,അതിലൂടെ രോഗങ്ങൾ തടയാനും സഹായിക്കുന്നു.പഠിച്ചു നേടിയ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ജോലി തേടി പുതിയ തലമുറ വിദേശ രാജ്യങ്ങളിൽ ചുവടുറപ്പിക്കുമ്പോൾ അവരുടെ മാതാപിതാക്കൾക്ക് കൂടി അഭയമായി മാറുകയാണ് വർഷങ്ങളായി പ്രവർത്തന നിരതരായ ഒരു പറ്റം നന്മയുള്ള മനുഷ്യർ.ഇനിയങ്ങോട്ട് പെയിൻ & പാലിയേറ്റീവ് പ്രവർത്തനങ്ങൾ നമ്മുടെ നാടിൻ്റെ ആവശ്യമായി മാറുമെന്ന വിഷയത്തിൽ തർക്കമില്ലാതാവുകയാണ്.

സ്കൗട്ട്മാസ്റ്റർ ഷീൻ.പി.ജേക്കബ് സ്വാഗതം ചെയ്ത പരിപാടിയിൽ,ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ്, കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡൻ്റ് ജോസഫ് പാലയ്ക്കൽ,ട്രഷറർ ജോസ് മണ്ണകത്ത് എന്നിവർക്ക് ഫണ്ട് കൈമാറി.ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് നന്ദിയർപ്പിച്ചു.സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികളായ അഖിൽ ജോണി,എമിൽ വി റോയ്,ജ്യോതി കൃഷ്ണ,അലൻ ജോർജ് ലിൻസ്,ജോയൽ ബെൻ ജെയിംസ്,ലിയ മരിയ ബിജു,അൻഫി ജോസഫ്,സ്നേഹ സുനിൽ,ബദ്ഷീബ ബെന്നി,തെരേസ സുനിൽ ദേവ്,ചന്ദ്രു പ്രഭു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തകർ,കഴിഞ്ഞ 20 വർഷത്തോളമായി, കോടഞ്ചേരി പഞ്ചായത്തിൽ വിവിധ രോഗങ്ങളാൽ യാതനയനുഭവിക്കുന്നവരുടെ വീടുകളിലെത്തിച്ചേർന്ന് സാന്ത്വന പരിചരണം നടത്തി ആശ്വാസം പകരുകയാണ്.

സ്കൂളിലെ എല്ലാ അദ്ധ്യാപക-അനദ്ധ്യാപകരും,വിദ്യാർത്ഥികളും ഈ മഹത്തായ ഉദ്യമത്തിൽ പങ്കു ചേർന്നു.

രണ്ടു വർഷത്തോളമായി ഹയർ സെക്കണ്ടറി സ്കൂളിൽ,എല്ലാ മാസവും പെയിൻ & പാലിയേറ്റീവ് പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നതിനായി സ്കൗട്ട്സ് & ഗൈഡ്സ് വിഭാഗം നേതൃത്വം നൽകി വരികയാണ്.

മതിലിനപ്പുറം താമസിക്കുന്നവരുടെ വേദന അറിയുമ്പോഴാണ് മനുഷ്യർ സാമൂഹ്യ ജീവികളാകുന്നത്.സ്നേഹവും,നന്മയും വറ്റിപ്പോകാത്ത നല്ല മനുഷ്യർ ഇന്നും നമുക്കൊപ്പം തന്നെയുണ്ട് എന്നതിന് തെളിവാണ് ഈ പ്രവർത്തനങ്ങൾ.അവരോടൊപ്പം നമുക്കും പങ്കാളികളാവാം...

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only