Oct 6, 2023

മെഡലില്‍ സെഞ്ച്വറി; ഏഷ്യന്‍ ഗെയിംസില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ


ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ. ഇതാദ്യമായി ഇന്ത്യന്‍ സംഘം ഗെയിംസിലെ 100 മെഡലുകള്‍ സ്വന്തമാക്കി. വിവിധ ഇനങ്ങളിലായി ഇതുവരെ 95 മെഡലുകള്‍ വാരിക്കൂട്ടിക്കഴിഞ്ഞ ഇന്ത്യ ഏഴ് ഇനങ്ങളില്‍ മെഡല്‍ ഉറപ്പാക്കിയിട്ടുണ്ട്. കോമ്പൗണ്ട് ആര്‍ച്ചറി (മൂന്ന് മെഡല്‍), കബഡി (രണ്ട്), ബാഡ്മിന്റണ്‍ (ഒന്ന്), പുരുഷ ക്രിക്കറ്റ് (ഒന്ന്) എന്നിവയിലാണ് മെഡലുകള്‍ ഉറപ്പാക്കിയിട്ടുള്ളത്.


ഇന്ത്യ 20ല്‍ കൂടുതല്‍ സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ ഏഷ്യന്‍ ഗെയിംസും ഹാങ്ചൗവിലേതാണ്. 2023 ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെ 23 സ്വര്‍ണം ഇന്ത്യ പോക്കറ്റിലാക്കി കഴിഞ്ഞു.

മറ്റ് നിലകളിലും 19ാം ഏഷ്യന്‍ ഗെയിംസ് ഇന്ത്യക്ക് ചരിത്രപരമാണ്. ഇന്ത്യയുടെ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകള്‍ ഗെയിംസ് ഫൈനലില്‍ പ്രവേശിക്കുന്നത് ഇതാദ്യമായാണ്. കലാശത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം കനകം കൈവശപ്പെടുത്തിയപ്പോള്‍ പുരുഷ വിഭാഗം ഫൈനലില്‍ നാളെ അഫ്ഗാനിസ്ഥാനെ നേരിടാനിരിക്കുകയാണ് ഇന്ത്യ.

അത്‌ലറ്റിക്‌സാണ് ഇന്ത്യക്ക് വലിയ എണ്ണം മെഡലുകള്‍ സമ്മാനിച്ചത്. ആറ് സ്വര്‍ണവും 14 വെള്ളിയും ഒമ്പത് വെങ്കലവും ഉള്‍പ്പെടെ 29 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഷൂട്ടിങിലും ഇന്ത്യ മെഡല്‍ കൊയ്ത്ത് നടത്തി. ഏഴ് സ്വര്‍ണം, ഒമ്പത് വെള്ളി, ആറ് വെങ്കലും ഉള്‍പ്പെടെ 22 മെഡല്‍ നേടാന്‍ ഇന്ത്യക്കായി. ഇക്വസ്ട്രിയനില്‍ 42 വര്‍ഷത്തിനു ശേഷം സ്വര്‍ണം നേടാനും ഇന്ത്യക്ക് കഴിഞ്ഞു. തുഴച്ചില്‍ മത്സരങ്ങളും രാജ്യത്തിന് മെഡലുകള്‍ നേടാന്‍ സഹായിച്ചു.

ബാഡ്മിന്റണ്‍ ടീം ഇനത്തിലെ ഫൈനലില്‍ ചൈനയോട് പൊരുതിത്തോറ്റ ഇന്ത്യ വെള്ളി നേടി. അത്‌ലറ്റിക്‌സില്‍ നാളെ കൂടുതല്‍ താരങ്ങള്‍ ഇന്ത്യക്കായി കളത്തിലിറങ്ങുന്നുണ്ട്. ഇതോടെ റെക്കോര്‍ഡ് മെഡല്‍ നേട്ടം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ ഈമാസം എട്ടിനാണ് 19ാം ഏഷ്യന്‍ ഗെയിംസിന് സമാപനം കുറിക്കുക.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only