Oct 9, 2023

മിസൈലുകള്‍ തീ മഴയായി, പിടഞ്ഞ് വീണത് കുട്ടികളടക്കം, ചോര വാര്‍ന്ന് ഇസ്രയേല്‍ തെരുവുകളും ഗാസ മുനമ്ബും, കണ്ണീര്‍ കാഴ്ച്ച.


ടെല്‍ അവീവ്: യുദ്ധവും സംഘര്‍ഷവും സൃഷ്ടിക്കുന്ന സമാനതകളില്ലാത്ത കെടുതിയുടെ നേര്‍ ചിത്രമായി മാറുകയാണ് തെക്കൻ ഇസ്രയേലിലെ തെരുവുകളും ഗാസാ മുനമ്ബും.കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിന് സാധാരണക്കാരാണ് മരിച്ചു വീണത്. ഇസ്രായിലെങ്ങും മൃതദേഹത്തിന്റെയും വിലാപങ്ങളുടേയും കണ്ണീര്‍ കാഴ്ചകളാല്‍ നിറയുകയാണ്. ഇസ്രയേല്‍ അതിര്‍ത്തി കടന്ന ഹമാസ് സായുധ സംഘം നടത്തിയത് സമാനതകളില്ലാത്ത ആക്രമണമാണ്.


തെക്കൻ ഇസ്രയേലില്‍ സംഗീത പരിപാടിക്ക് നേരെ നടന്നത് നിഷ്ടൂരമായ വെടിവയ്പ്പായിരുന്നു. തുറന്ന സ്ഥലത്ത് പാട്ടാസ്വദിച്ചിക്കുന്നവര്‍ക്ക് നേരയായിരുന്നു ആയുധ പ്രയോഗം. ഷെല്‍ട്ടറുകളോ അഭയസ്ഥാനമോ കണ്ടെത്താനാകാതെ ആയിരങ്ങള്‍ ചിതറി ഓടി. ഇവരെ ഹമാസ് ആയുധധാരികള്‍ പിന്തുടര്‍ന്ന് വെടിയുതിര്‍ത്തു. 260 പേരുടെ മൃതദേഹമാണ് ഇവിടെ നിന്ന് മാത്രം കണ്ടെത്തിയത്. തെരുവുകളില്‍ ആരും തിരിഞ്ഞ് നോക്കാത്ത മൃതദേഹങ്ങള്‍ നിരവധിയാണ്. പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു. ഉറ്റവരെല്ലാം നഷ്ടപ്പെട്ട് നിസ്സഹായരായി സ്ത്രീകളും കുഞ്ഞുങ്ങളും കണ്ണീര്‍ കാഴ്ചയാണ്.

ഇസ്രയേല്‍ തെരവുകളില്‍ വെടിയൊച്ച നിലച്ചതിന് പിറകെയാണ് ഗാസയില്‍ നിന്നും കൂട്ട നിലവിളിയുയര്‍ന്നത്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍. തെരുവുകള്‍ നിറയെ മൃതദേഹങ്ങള്‍. അനാഥരാക്കപ്പെട്ട കുട്ടികള്‍, സ്ത്രീകള്‍, മുതിര്‍ന്നവര്‍. വീടും ഭക്ഷണവുമില്ലാതെ തെരുവില്‍ അലയുന്നവര്‍. കുട്ടികളേയും ചേര്‍ത്ത് പിടിച്ച്‌ രക്ഷാ സ്ഥാനം തേടുന്ന അമ്മമാര്‍. കൂട്ട കുഴിമാടങ്ങള്‍, ഇസ്രായേലിന് സമാനമാണ് ഗാസയിലെയും സ്ഥിതി. മൃദദേഹങ്ങളുമായുള്ള വിലാപ യാത്രയും, മാരകമായി മുറിവേറ്റവരാലും ഗാസയുടെയും ചോര വീഴ്ത്തി. വൈദ്യുതിയും വൊള്ളവുമില്ലാത്തതിന്റെ പ്രതിസന്ധിയാണ് ഇപ്പോള്‍. മതിയായ മരുന്നും സൗകര്യങ്ങളുമില്ലാതെ ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. യുദ്ധം സൃഷ്ടിക്കുന്ന വാക്കുകള്‍ക്കപ്പുറമുള്ള കെടുതികളെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുകയാണ് ഈ കാഴ്ചകള്‍.

അതേസമയം ഇസ്രായേല്‍ - പലസ്തീൻ സംഘര്‍ഷം രക്തരൂക്ഷിതമായി തുടരുകയാണ്. ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയി. ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ ഇസ്രയേല്‍ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയില്‍ അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംഘര്‍ഷം വര്‍ധിപ്പിക്കാതിരിക്കാൻ ഹിസ്‌ബുള്ള പോലുള്ള സംഘടനകള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് അമേരിക്കയുടെ സൈനിക നീക്കങ്ങളെന്നാണ് വിശദീകരണം.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only