Nov 28, 2023

കാർഷിക പഠന സംഘങ്ങളുടെ പ്രിയ കേന്ദ്രമായി തിരുവമ്പാടി മാറുന്നു.


തിരുവമ്പാടി :
കൃഷി വകുപ്പ് പഠന സംഘങ്ങളുടെയും കാര്‍ഷിക സൊസൈറ്റികളുടെയും പ്രധാന പഠന കേന്ദ്രങ്ങളിലൊന്നായി തിരുവമ്പാടി പഞ്ചായത്തിലെ ഫാംടൂറിസ സർക്യൂട്ട് മാറിക്കൊണ്ടിരിക്കുന്നു.


ശനിയാഴ്‌ച പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പഠന സംഘവും ഞായറാഴ്ച കണ്ണൂർ മലപ്പട്ടത്ത് നിന്നും ടെക്നീഷ്യൻസ് ആൻറ് ഫാർമേഴ്സ് കോ-ഓഡിനേഷൻ
സൊസൈറ്റി അംഗങ്ങളായ കർഷകരുടെ സംഘവും തിരുവമ്പാടിയിലെത്തി ഫാമുകൾ സന്ദർശിക്കുകയും പരിശീലനം നേടുകയും ചെയ്തു. 


തെങ്ങ്, ജാതി, പഴവർഗ്ഗങ്ങൾ, പുൽവർഗ്ഗങ്ങൾ, ഓർക്കിഡ് അടക്കമുള്ള പുഷ്പങ്ങൾ, മത്സ്യം, തേനീച്ച, ക്ഷീരം, ആട് തുടങ്ങി എല്ലാ പ്രധാന കൃഷി രംഗങ്ങളിലും വർഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ളവരും ജില്ലാ, സംസ്ഥാന, ദേശീയ അവാർഡ് ജേതാക്കളുമായ കർഷകരുടെ ഫാമുകൾ സൗകര്യപ്രദമായ വിധത്തിൽ ഒരുമിച്ച് ലഭ്യമായ പ്രദേശം എന്നതാണ് കാർഷിക പഠന സംഘങ്ങൾ തിരുവമ്പാടി ഫാംടൂറിസ സർക്യൂട്ടിനെ കൂടുതലായി ഇഷ്ടപ്പെടുവാൻ പ്രധാന കാരണം.

കോളിക്കോട് ജില്ലാ പഞ്ചായത്തിന്റെ ഫാംടൂറിസ വികസന പദ്ധതിയുമായി സഹകരിച്ചാണ് തിരുവമ്പാടിയിലെ ഫാംടൂറിസ കർഷിക സൊസൈറ്റി പ്രവര്‍ത്തിച്ച് വരുന്നത്. 

കൃഷി വകുപ്പിന്റെ പഠനയാത്ര പദ്ധതിയുടെ ഭാഗമായി പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അസി. കൃഷി ഓഫീസർമാരായ ജാരിസ് പി.കെ. , ആദിത്യ എ. , ആത്മ ബി.ടി.എം. വർഷ പി. എന്നിവരുടെ നേതൃത്വത്തിൽ തിരുവമ്പാടി ഫാംടൂറിസ സർക്യൂട്ട് സന്ദർശിക്കാനെത്തിയ കർഷകർക്ക് മത്സ്യ, നാളികേര, ജാതി, ക്ഷീര, പൗൾട്രി കൃഷികളിൽ പരിശീലനം നൽകി. 

പ്രസിഡണ്ട് ഇ.കെ. സോമശേഖരൻ, സെക്രട്ടറി
വി.വി. ബാലകൃഷ്ണൻ, ജോ. സെക്രട്ടറി
സന്തോഷ് കെ., വൈസ് പ്രസിഡന്റ് കരുണാകരൻ കെ.കെ. എന്നിവരുടെ നേതൃത്വത്തിലാണ് കണ്ണൂർ മലപ്പട്ടത്ത് നിന്നും ടെക്നീഷ്യൻസ് ആൻറ് ഫാർമേഴ്സ് കോ-ഓഡിനേഷൻ
സൊസൈറ്റി പഠന സംഘം എത്തിച്ചേർന്നത്. 

നാളികേര കൃഷിയിൽ കേരളത്തിന്റെ കർഷകോത്തമയും ഇന്ത്യയിലെ മികച്ച നാളികേര കർഷകനുമായ ഡൊമിനിക് മണ്ണൂക്കുശുമ്പിലും മത്സ്യക്കൃഷിയെക്കുറിച്ച് സ്വാഭാവിക കുളത്തിലെ മത്സ്യക്കൃഷിയിൽ കോഴിക്കോട് ജില്ലയിലെ മികച്ച കർഷകനുള്ള പ്രഥമ അവാർഡ് ജേതാവായ ആന്റണി പി.ജെ. യും ക്ഷീര കൃഷിയെക്കുറിച്ച് ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകനുള്ള അവാർഡ് ജേതാവായ എമേഴ്സൻ കല്ലോലിക്കലും ആട് കൃഷിയെക്കുറിച്ച് ജോസ് പുരയിടത്തിലും കാർഷിക രംഗത്ത് കലാസൃഷ്ടിപരമായ സാധ്യതകളെക്കുറിച്ച് ബോണി ജോസഫ് മുട്ടത്തുകുന്നേലും മൂല്യവർദ്ധിത ഉത്പന്ന നിര്‍മ്മാണത്തെക്കുറിച്ച് ബീന അജുവും പൗൾട്രി ഫാമിംഗിനെക്കുറിച്ച് സെലിൻ വിൽസനും ക്ലാസ്സുകൾ എടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only