Jan 1, 2024

ജപ്പാനില്‍ 90 മിനിറ്റിനിടയിൽ 21 ഭൂചലനങ്ങൾ; വ്യാപക വൈദ്യുതി തടസ്സം, സുനാമി മുന്നറിയിപ്പ്


ടോക്യോ: മധ്യജപ്പാനിലെ തീരപ്രദേശത്ത് 90 മിനിറ്റുകൾക്കുള്ളിൽ 21 ഭൂചലനങ്ങൾ ഉണ്ടായതായി ദേശീയ കാലാവസ്ഥ നിരീക്ഷണ ഏജൻസി അറിയിച്ചു. റിക്ടർ സ്കെയിലിൽ 4.0 മുതൽ 7.6 വരെ രേഖപ്പെടുത്തിയ തുടർച്ചയായ ഭൂചലനങ്ങളാണുണ്ടായത്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകുകയും ഭൂചലനമുണ്ടായ പ്രദേശത്തെ ആളുകളോട് ഉയർന്ന സ്ഥലത്തേക്ക് മാറാൻ അധികൃതർ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ടോയാമ, ഇഷികാവ, നിഗറ്റ എന്നീ പ്രദേശങ്ങളെയാണ് ഭൂചലനം കാര്യമായി ബാധിച്ചത്. ജപ്പാനിലെ പ്രധാന ദ്വീപായ ഹോൺഷുവിന്റെ പടിഞ്ഞാറൻ തീരത്തുള്ള പ്രദേശങ്ങളാണിവ. ഭൂകമ്പങ്ങളുടെ പ്രഭവകേന്ദ്രത്തിന് ചുറ്റും ഏകദേശം 33,500 വീടുകളിൽ വൈദ്യുതി ഇല്ലെന്ന് അധികൃതർ അറിയിച്ചു.

പ്രദേശത്തെ ആണവനിലയങ്ങളെ ഭൂചലനം ബാധിച്ചതായി റിപ്പോർട്ടില്ലെന്ന് ജപ്പാൻ സർക്കാർ വക്താവ് യോഷിമാസ ഹയാഷി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, സുനാമിക്കുള്ള സാധ്യത മുന്നിൽ കണ്ട് തീരദേശത്തുനിന്ന് ജനങ്ങൾ ഒഴിഞ്ഞ് നിൽക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ചെറിയ സുനാമി തിരകൾ ജപ്പാൻ തീരത്ത് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മൂന്ന് മീറ്റർവരെ ഉയരത്തിലുള്ള തിരമാലകൾ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ ഏജൻസി വൃത്തങ്ങളെ ഉദ്ധരിച്ച് ജാപ്പനീസ് മാധ്യമമായ എൻ.എച്ച്.കെ.റിപ്പോർട്ട് ചെയ്തു.

ഭൂചലനത്തിൽ ആളപായങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വാജിമ പ്രദേശത്ത് നിലത്ത് വിള്ളലുണ്ടായതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ, ഒരു വീട് തകർന്നതായും ഉള്ളിൽ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്നറിയാൻ തിരച്ചിൽ നടക്കുന്നതായും വാർത്താ ഏജൻസിയായ എ.പി.റിപ്പോർട്ട് ചെയ്തു.
പ്രദേശത്തെ ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. ദേശീയപാതയുടെ ചില ഭാഗങ്ങളും അടച്ചു. ജല പൈപ്പുകൾ പൊട്ടിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only