Jan 18, 2024

ഓര്‍മകളുടെ കടലിരമ്പം തീര്‍ത്ത് വയോജന യാത്ര വയോജനങ്ങള്‍ക്കായി മെംബര്‍ ടി.കെ.അബൂബക്കര്‍ മാസ്റ്റര്‍ നടത്തിയ ജനകീയ ഉല്ലാസയാത്ര വേറിട്ട അനുഭവമായി


മുക്കം: കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം ടികെ അബൂബക്കര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി നടത്തിയ ഉല്ലാസ യാത്ര കളിച്ചുംരസിച്ചും പഴയകാല ഓര്‍മകളുടെ കടലിരമ്പംതീര്‍ക്കുന്ന വേറിട്ട അനുഭവമായി. 65ന് മുകളില്‍ പ്രായമുള്ള 50പേര്‍ 'കാരണവര്‍' എന്ന യാത്രയില്‍ പങ്കാളികളായി.
87 വയസ്സുള്ള പാലക്കാടന്‍ മുഹമ്മദും 76 പിന്നിട്ട ആമിന പുതുക്കുടിയുമായിരുന്നു ഏറ്റവും മുതിര്‍ന്നവര്‍. പുറംകണ്ടി ചാത്തന്‍കുട്ടിയും ഭാര്യ ശാരദയുമായിരുന്നു പ്രായം കൂടിയ ദമ്പതിമാര്‍. കോര്‍ഡിനേറ്റര്‍ കെ.ഇ. ജമാല്‍ മാസ്റ്റരുടെ നേതൃത്വത്തില്‍ അരങ്ങേറിയ വിവിധ പരിപാടികള്‍ യാത്രികരെ ഏറെ ഹരം കൊള്ളിച്ചു. നറുക്കിലൂടെ ഓരോരുത്തര്‍ക്കും ലഭിച്ച കുറിപ്പിലെഴുതിയ പഴയകാല സാധനങ്ങളെയും സംഭവങ്ങളെയും കുറിച്ച് ഓരോരുത്തരും ഓര്‍മകള്‍ പങ്കുവെച്ചുള്ള പരിചയപ്പെടുത്തല്‍ ഏറെ ഹൃദ്യമായി. ഗാനങ്ങളും ക്വിസ് പ്രോഗ്രാമും പാര്‍ക്കില്‍ നിന്നുളള മത്സരങ്ങളും യാത്രയുടെ മാറ്റ്കൂട്ടി. വിജയികള്‍ക്ക് തദ്‌സമയം സമ്മാനങ്ങളും വിതരണം ചെയ്തു. 

യാത്രയുടെ ഫ്‌ളാഗോഫ് കോട്ടമ്മല്‍ അങ്ങാടിയില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസല്‍ കൊടിയത്തൂരും കൊടിയത്തൂരിലെ കാരണവരും പൗര പ്രമുഖനുമായ പി.എം. അഹ്‌മദ് ഹാജിയും സംയുക്തമായി നിര്‍വ്വഹിച്ചു. ക്യാപ്റ്റന്‍ ടി.കെ.അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് പഞ്ചായത്തിലെ പ്രകൃതി രമണീയമായ കരിയാത്തന്‍പാറ, തോണിക്കടവ് പ്രദേശങ്ങളും കോഴിക്കോട് പ്ലാനറ്റോറിയവും ബീച്ചും സന്ദര്‍ശിച്ചു. ചിലര്‍ക്ക് ആദ്യാനുഭവമെങ്കില്‍ മറ്റു ചിലര്‍ക്ക് ഇത് കാലങ്ങള്‍ക്ക് ശേഷമുള്ള യാത്രയായിരുന്നു. ജാഫര്‍ പുതുക്കുടി, കെ.അബ്ദുല്ല മാസ്റ്റര്‍, പി.വി. അബ്ദുറഹ്‌മാന്‍ , ടി.കെ. അമീന്‍, സാലിം ജീറോഡ്, റഫീഖ് കുറ്റിയോട്ട്, മുംതാസ് കൊളായില്‍, മുഹ്‌സിന ജാഫര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only