മുക്കം (കോഴിക്കോട്): കിഴുക്കാരക്കാട്ട് ജോസഫ് (അഭിലാഷ് കുഞ്ഞേട്ടന്‍-75) മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ചു.
മുക്കം അഭിലാഷ് തീയറ്റര്‍ അടക്കം അറിയപ്പെടുന്ന നിരവധി തിയറ്ററുകളുടെ ഉടമയാണ്.
ഇന്നലെ (ചൊവ്വാഴ്ച) രാത്രി ഒൻപത് മണിയോടെയാണ് അപകടം. കൊച്ചിയിൽ നടന്ന തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് കേരളയുടെ യോഗം കഴിഞ്ഞ് മടങ്ങിയ ജോസഫ് ചങ്ങരംകുളത്ത് സുഹൃത്തിനെ കാണാനായി ഇറങ്ങിയിരുന്നു. സുഹൃത്തുമായി ഒന്നാം നിലയിൽ സംസാരിച്ച് കൊണ്ടിരിക്കെ പുറകിലേക്ക് നീങ്ങിയ ജോസഫ് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു.
13 അടി ഉയരത്തിൽ നിന്ന് വീണ് തലയ്ക്ക് സാരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
മൃതദേഹം ഇന്ന് (31-01-2024-ബുധൻ) വൈകുന്നേരം മുക്കം മുത്തേരിയിലെ വസതിയിൽ പൊതുദർശനത്തിനു വെക്കും.
സംസ്കാരം നാളെ (01-02-2024-വ്യാഴം) ഉച്ചക്ക് 02:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം മുക്കം സേക്രഡ് ഹാർട്ട് പള്ളിയുടെ കല്ലുരുട്ടി സെമിത്തേരിയിൽ.
ഭാര്യ: സിസിലി തലയാട് മുണ്ടത്താനത്ത് കുടുംബാംഗം.
മക്കൾ: സിജോ, സന്ദീപ്, ഡോ. സജീഷ്, ജോസീന.
മരുമക്കൾ: അനിറ്റ കരിപ്പാപറമ്പൻ (മണ്ണാർക്കാട്), ഡോ. സൗമ്യ ചിരാംകുഴിയിൽ (കണ്ണൂർ), ബിജോയി നെടുമ്പുറം (ചേർപ്പുങ്കൽ - കോട്ടയം).
Post a Comment