Feb 25, 2024

ബോധവൽക്കരണം നടത്തിയിട്ടും രക്ഷയില്ല; മലപ്പുറം ജില്ലയിൽ കഴിഞ്ഞവര്‍ഷം വീട്ടില്‍ പ്രസവിച്ചത് 219 പേര്‍; പ്രസവിക്കാൻ ലക്ഷദ്വീപുകാരും വരുന്നുവെന്ന്.


ആരോഗ്യവകുപ്പ് വ്യാപക ബോധവത്കരണം നടത്തിയിട്ടും വീടുകളില്‍വെച്ചുള്ള പ്രസവം കുറയുന്നില്ല. സംസ്ഥാനവ്യാപകമായി നടക്കുന്നുണ്ടെങ്കിലും വീട്ടുപ്രസവം ഏറ്റവുമധികം മലപ്പുറം ജില്ലയിലാണ്. 2023-ല്‍ ഡിസംബർ വരെ 219 പ്രസവം ഇവിടെ വീടുകളില്‍ നടന്നു. സംസ്ഥാനത്ത് മൊത്തം 700-ല്‍പ്പരം പ്രസവം ഇങ്ങനെ നടക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകർക്ക് ലഭ്യമായ വിവരങ്ങളനുസരിച്ച്‌ വകുപ്പ് തയ്യാറാക്കിയ കണക്കാണിത്. യഥാർഥ സംഖ്യ ഇതിലുമേറെയാകാം. 


ചില രഹസ്യസംഘങ്ങള്‍ പ്രത്യേക വീടുകള്‍ കേന്ദ്രീകരിച്ചാണിതു നടത്തുന്നത്. വളവന്നൂർ, താനാളൂർ, ചെറിയമുണ്ടം തുടങ്ങി പലയിടങ്ങളിലും ഇത്തരം വീട്ടുപ്രസവകേന്ദ്രങ്ങളുണ്ട്. വിരുന്നിനെന്ന പേരില്‍ പുറത്തുനിന്ന് ആളുകള്‍ വന്നു താമസിക്കും. പരിചയമുള്ള വയറ്റാട്ടികളെ വീട്ടുകാർ തയ്യാറാക്കിയിട്ടുണ്ടാവും. ഒരു പാക്കേജ് പറഞ്ഞുറപ്പിച്ച്‌ ഇവിടെ രണ്ടാഴ്ചയോ മറ്റോ താമസിച്ച്‌ പ്രസവിക്കും. പരിസരവാസികളോട് ബന്ധുക്കളാണെന്നു പറയും. രഹസ്യമായി ഇവർ പ്രചാരണവും നടത്തുന്നുണ്ട്.

ഇതു കേട്ടറിഞ്ഞ് കാസർകോട്, കണ്ണൂർ, കൊല്ലം തുടങ്ങി മറ്റു ജില്ലകളില്‍നിന്നൊക്കെ ആളുകള്‍ ഇവിടെ വന്ന് പ്രസവിച്ചു പോകുന്നുണ്ട്. ലക്ഷദ്വീപില്‍ നിന്നുവരെ പ്രസവിക്കാൻ മലപ്പുറത്തേക്കു വന്നതായി സൂചനയുണ്ടെന്ന് ആരോഗ്യവകുപ്പധികൃതർ.

അതിരഹസ്യമായി നടക്കുന്നതിനാല്‍ പല സംഭവങ്ങളും പ്രസവം നടന്നശേഷമാണ് ആരോഗ്യവിഭാഗം അറിയുക. നേരത്തെ അറിഞ്ഞാലും വിശ്വാസങ്ങളുടെയും മറ്റും മറവില്‍ പലരും വഴുതിമാറും. നിർബന്ധപൂർവം ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വ്യവസ്ഥയില്ലാത്തതും ഇവർക്കു തണലാണ്.

12-ാമത്തെ പ്രസവവും വീട്ടില്‍ നടത്തിയതിനെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം മൂന്നുവർഷം മുമ്പ് ചെറിയമുണ്ടത്തുണ്ടായി. ഈ സംഭവത്തില്‍ പ്രസവമെടുത്ത സ്ത്രീയെ ചോദ്യംചെയ്തപ്പോള്‍ താൻ ആദ്യമായാണ് പ്രസവമെടുക്കുന്നത് എന്നായിരുന്നു മറുപടി.

ഒരു ഡോക്ടറുടെ ഭാര്യപോലും വീട്ടില്‍ പ്രസവിച്ച സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താനാളൂരില്‍ ഇത്തരമൊരു വീട് കഴിഞ്ഞവർഷം ആരോഗ്യവകുപ്പും പോലീസും ചേർന്ന് പൂട്ടിച്ചു. 2018-ല്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 740 പേർ സംസ്ഥാനത്ത് വീടുകളില്‍ പ്രസവിച്ചു. പുതിയ കണക്ക് പുറത്തുവിട്ടിട്ടില്ല. 2022-ല്‍ മലപ്പുറം ജില്ലയില്‍ 273 പ്രസവം വീടുകളില്‍ നടന്നു.

♦️ ഇത് അപകടകരം:

വീടുകളിലെ പ്രസവം അമ്മയ്ക്കും കുഞ്ഞിനും അപകടകരമാണ്. പ്രസവത്തില്‍ തടസ്സം, താമസം, രക്തസ്രാവം എന്നിവയുണ്ടായാല്‍ രണ്ടുപേരുടെയും ജീവനുതന്നെ ഭീഷണിയാകാം. അമ്മയ്ക്ക് രക്തസമ്മർദം കൂടിയാല്‍ അപസ്മാരം, കോമയിലാവല്‍, മരണം എന്നിവയ്ക്കു സാധ്യതയുണ്ട്. കുഞ്ഞിന് ശ്വാസതടസ്സം വന്നാല്‍ തലച്ചോറിലേക്ക് ഓക്സിജൻ കുറഞ്ഞ് പഠനവൈകല്യം, പെരുമാറ്റപ്രശ്‌നങ്ങള്‍ എന്നിവയും ഭാവിയില്‍ ഉണ്ടാവാം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only