ലക്നൌ: മാട്രിമോണിയൽ സൈറ്റിലൂടെയുള്ള വിവാഹ തട്ടിപ്പിന് ഇരയായി വനിതാ ഐപിഎസ് ഉദ്യോഗസ്ഥ. ഐആർഎസ് ഉദ്യോഗസ്ഥനെന്ന പേരിൽ ഡിഎസ്പിയെ വിവാഹം ചെയ്തത് വ്യാജനെന്ന് വ്യക്തമെന്ന് മനസിലായതോടെ വിവാഹ മോചന ഹർജിയുമായി ഐപിഎസ് ഉദ്യോഗസ്ഥ. ശ്രേഷ്ഠ താക്കൂർ എന്ന 2012 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥയേയാണ് തട്ടിപ്പുകാരൻ വഞ്ചിച്ച് വിവാഹം ചെയ്തതും വൻതുക തട്ടിച്ചതും. 2018ലാണ് ഐപിഎസ് ഉദ്യോഗസ്ഥയെ മാട്രിമോണിയൽ സൈറ്റിലൂടെ രോഹിത് രാജ് പരിചയപ്പെട്ടത്. 2008 ബാച്ചിലെ ഐആർഎസ് ഉദ്യോഗസ്ഥനെന്നായിരുന്നു രോഹിത് ശ്രേഷ്ഠയെ വിശ്വസിപ്പിച്ചത്.
കുറ്റാന്വേഷണരംഗത്തെ മികച്ച കഴിവുകൾ കൊണ്ട് ഉത്തർ പ്രദേശിലെ ലേഡി സിംഹം എന്നറിയപ്പെടുന്ന ഐപിഎസ് ഉദ്യോഗസ്ഥയേയാണ് തട്ടിപ്പുകാരൻ അതിസമർത്ഥമായി പറ്റിച്ചത്. റാഞ്ചിയിലെ ഡെപ്യൂട്ടി കമ്മീഷണറാണെന്ന് വിശദമാക്കിയാണ് ഇവരുടെ വിവാഹം നടക്കുന്നത്. വിവാഹത്തിന് പിന്നാലെയാണ് ഭർത്താവ് ഐആർഎസ് ഉദ്യോഗസ്ഥനല്ലെന്നും താൻ വഞ്ചിക്കപ്പെടുക ആയിരുന്നെന്നും ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് വ്യക്തമാവുന്നത്.
തട്ടിപ്പ് മനസിലായെങ്കിലും മറ്റ് വഴികളില്ലാതെ വിവാഹ ബന്ധം തുടർന്നെങ്കിലും ഭാര്യയുടെ പേരിൽ രോഹിത് മറ്റ് പലരേയും വഞ്ചിക്കാൻ
തുടങ്ങിയതോടെയാണ് ഐപിഎസുകാരി വിവാഹ മോചന ഹർജി ഫയൽ ചെയ്തത്. ഇതിന് പിന്നാലെയും വഞ്ചന കേസുകളിൽ പ്രതിയായതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. നിലവിൽ ഷാംലി ജില്ലയിലെ കമ്മീഷണറാണ് ശ്രേഷ്ഠ താക്കൂർ. പതിനഞ്ച് ലക്ഷം രൂപയാണ് ഐപിഎസ് ഉദ്യോഗസ്ഥയിൽ നിന്ന് യുവാവ് തട്ടിയത്. വെള്ളിയാഴ്ചയാണ് തട്ടിപ്പുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.
സമാനമായ മറ്റൊരു സംഭവത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയെന്ന് തെറ്റിദ്ധരിപ്പിച്ച് പൊലീസുകാരിയെ വിവാഹം കഴിച്ച യുവാവിനെതിരെ കേസ് എടുത്തിരുന്നു. ഉത്തർപ്രദേശിലെ മാദേഗഞ്ചിലാണ് യുവാവ് വഞ്ചിച്ചെന്ന് ആരോപിച്ച് യുവതി വഞ്ചനയ്ക്കും പീഡനത്തിനും എഫ്ഐആർ ഫയൽ ചെയ്തത്. 22 കാരനായ വിജയ് സിംഗ് എന്നയാൾക്കെതിരെയാണ് പരാതി. യുപിഎസ്‌സി സിവിൽ സർവീസ് 2023 മെയിൻ പാസായെന്നും അഭിമുഖത്തിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞാണ് വനിതാ കോൺസ്റ്റബിളിനെ വിവാഹം കഴിച്ചത്.
Post a Comment