Apr 3, 2024

ജലവിതരണം താറുമാറായിട്ട് 10 മാസം; വെള്ളംകുടി മുട്ടി മുക്കം അങ്ങാടി.


മുക്കം∙ അങ്ങാടിയിലെയും പരിസരത്തെയും ശുദ്ധജല വിതരണം താറുമാറായിട്ട് 10 മാസം. ശാശ്വത പരിഹാരം തേടി വീണ്ടും സമരത്തിനുള്ള ഒരുക്കത്തിലാണ് വ്യാപാരികൾ. ഇത്തവണ ഗുണഭോക്താക്കളെക്കൂടി കൂട്ടി ജല അതോറിറ്റിയുടെ ഓഫിസുകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് പരിപാടി. ജല വിതരണത്തിലെ അപാകതകൾക്ക് പരിഹാരം തേടി കഴി‍ഞ്ഞ ജനുവരി 4ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികൾ നിരാഹാര സമരം നടത്തിയിരുന്നു. തൊട്ടു പിറകെ 2 ദിവസം ചിലയിടങ്ങളിൽ മാത്രം പേരിനു വെള്ളമെത്തി. പിന്നീട് ഇന്നുവരെ ഒരു തുള്ളി വെള്ളം പോലും ജല അതോറിറ്റിയുടെ ടാപ്പുകളിൽനിന്നു വന്നില്ല.


കൊടുംചൂടിൽ വെള്ളത്തിനായി വ്യാപാരികളും ഗുണഭോക്താക്കളും നെട്ടോട്ടമോടുന്നു. അങ്ങാടിയിലെയും പരിസരത്തെയും ഹോട്ടലുകളും പ്രതിസന്ധിയിൽ തന്നെ. പണം നൽകി  വാഹനങ്ങളിൽ‌ വെള്ളം എത്തിക്കേണ്ട അവസ്ഥ തുടരുകയാണ്. പിസി കവല മുതൽ ബസ് സ്റ്റാൻഡ് ഭാഗത്തേക്കുള്ള സ്ഥലങ്ങളിലാണ് ജല അതോറിറ്റിയുടെ വെള്ളം കിട്ടാത്തത്.  പുതിയ ബസ് സ്റ്റാൻഡ്, വില്ലേജ് ഓഫിസ്, വ്യാപാര ഭവൻ, പെരളിയിൽ, മൂലത്ത്, എരിക്കഞ്ചേരി ഭാഗങ്ങളിൽ ശുദ്ധജലം ലഭിച്ചിട്ട് 10 മാസമായി.വെള്ളം ഇല്ലെങ്കിലും ബിൽ കൃത്യമായി ലഭിക്കുന്നതായി വ്യാപാരികളും ഗുണഭോക്താക്കളും പറയുന്നു. കഴിഞ്ഞ ദിവസം ജല അതോറിറ്റിയുടെ ഓഫിസിൽ നിന്നും ഗുണഭോക്താക്കളെ വിളിച്ച് നേരിട്ട് കൊടുവള്ളി ഓഫിസിൽ എത്തി പരാതി പറയണമെന്ന് പറഞ്ഞതായും ചൂണ്ടിക്കാട്ടുന്നു. 

റോഡുകൾ കീറി മുറിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് 2 ലക്ഷത്തിലേറെ രൂപ കെട്ടി വയ്ക്കാൻ ഇല്ലാത്തതാണ് പ്രശ്നം പരിഹരിക്കുന്നതിനു തടസ്സം. പൈപ്പിലെ തടസ്സം കണ്ടെത്താനും സാധിച്ചിട്ടില്ല. ഒട്ടേറെ ഗാർഹിക ഉപയോക്താക്കളും പൊതു ടാപ്പുകളെ ആശ്രയിക്കുന്നവരും കുടിവെള്ളം കിട്ടാതെ കൊടും വേനലിൽ ദുരിതത്തിലാണ്.  പുഴകൾ ഉൾപ്പെടെയുള്ള ജല സ്രോതസ്സുകൾ വറ്റിത്തുടങ്ങിയതോടെ ജലക്ഷാമവും രൂക്ഷമായി. റമസാൻ കഴിയുന്നതോടെ ജല അതോറിറ്റിയുടെ ഓഫിസുകളിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ പി.അലി അക്ബർ, ഡിറ്റോ തോമസ് എന്നിവർ പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only