ന്യൂയോര്‍ക്ക്: നെറ്റ് കണക്ഷൻ ഇല്ലാതെ വാട്‌സ്ആപ്പ് ചലിപ്പിക്കാനാകുമോ? ഇല്ലെന്നായിരിക്കും എല്ലാവരുടെയും ഉത്തരം. എന്നാൽ നെറ്റ് ഇല്ലാതെയും വാട്‌സ്ആപ്പിനെ 'സജീവമാക്കുന്ന' ഫീച്ചർ കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നു എന്നതാണ് ടെക് ലോകത്തെ കൗതുക വാർത്ത.
ഫോട്ടോ, വീഡിയോസ്, മ്യൂസിക്, ഡോക്യുമെന്റ്‌സ് എന്നിവയെല്ലാം ഓഫ് ലൈനിലും അയക്കാൻ കഴിയും എന്നതാണ് പ്രത്യേകത. കമ്പനി സജീവമായിത്തന്നെ ഈ ഫീച്ചറിന്റെ പണിപ്പുരയിലാണെന്നാണ് റിപ്പോർട്ടുകൾ. അയക്കുന്ന ഫയലുകൾ എല്ലാം ഇവിടെയും എൻക്രിപ്റ്റഡ് ആയിരിക്കും(മറ്റുള്ളവർക്ക് മനസ്സിലാക്കാത്ത വിധത്തിൽ രഹസ്യകോഡിൽ എഴുതുന്ന രീതി). അയക്കുന്ന സന്ദേശങ്ങളിൽ വേറൊരാൾക്ക് കൈകടത്താൻ കഴിയാത്ത രീതിയാണിത്. സുരക്ഷമുന്‍നിര്‍ത്തി വാട്സ്ആപ്പിന്റെ സന്ദേശങ്ങളെല്ലാം ഇങ്ങനെയാണ്.
അപ്‌ഡേറ്റ് വഴി ഈ ഫീച്ചർ ലഭിക്കുമെങ്കിലും പെർമിഷൻ(അനുമതി) കൊടുത്താലെ ഉപയോഗിക്കാനാകൂ. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സ്‌ക്രീൻഷോട്ടുകളിലെല്ലാം അനുമതി കൊടുക്കുന്ന കാര്യം വ്യക്തം. അതേസമയം ആർക്കാണോ അയക്കേണ്ടത് അവരുടെ വാട്‌സ്ആപ്പിലും ഈ ഫീച്ചർ ഓണായിരിക്കണം. ഇങ്ങനെയുള്ള ഫോണുകള്‍ കണ്ടെത്താൻ ഈ ഫീച്ചറിൽ തന്നെ സൗകര്യമുണ്ടാകും. ബ്ലൂടൂത്ത് പ്രവർത്തിക്കുന്നത് പോലെയാകും ഇത്.
അതേസമയം ആവശ്യമില്ലെങ്കിൽ ഓഫ് ആക്കാനും കഴിയും. സമീപത്തുള്ള ഉപകരണങ്ങൾ കണ്ടെത്തുന്നതിന് പുറമെ, നിങ്ങളുടെ ഫോണിലെ സിസ്റ്റം ഫയലുകളും ഫോട്ടോ ഗാലറിയും ആക്സസ് ചെയ്യാനും വാട്‌സ്ആപ്പിന് അനുമതി ആവശ്യമാണ്. മറ്റൊരു ഫോണുമായി കണക്റ്റ് ചെയ്യാൻ കഴിയുന്നത്ര അടുത്താണോ എന്ന് പരിശോധിക്കാൻ ആപ്പിന് ലൊക്കേഷൻ അനുമതിയും ആവശ്യമാണ്. ഇത്തരത്തിലുള്ള അനുമതിയൊക്കെ ആവശ്യമാണെങ്കിലും അയക്കുന്ന ഫയലുകൾക്കൊന്നും ഒരു 'കോട്ടവും' സംഭവിക്കില്ല.
മറ്റൊരാൾക്ക് ഇടപെടാൻ കഴിയാത്ത എൻക്രിപ്റ്റ് രീതി തന്നെയാണ് ഇവിടെയും വാട്‌സ്ആപ്പ് നടപ്പിലാക്കുന്നത്. അതിനാൽ സുരക്ഷയെക്കുറിച്ചുള്ളൊരു ആശങ്ക വേണ്ട.
ഷയർഇറ്റ് പോലെയുള്ള ആപ്പുകൾ എങ്ങനെയാണ് പ്രവർത്തിച്ചിരുന്നത് അതിന് സമാനമാകും പുതിയ ഫീച്ചർ. നെറ്റ് കണക്ഷന്‍ ഇല്ലാതെ ഫയലുകൾ പങ്കിടാനായിരുന്നു ഷെയർഇറ്റ് പോലെയുള്ള ആപ്പുകൾ ഉപയോഗിച്ചിരുന്നത്. അതേസമയം എന്ന് മുതല്‍ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് വാട്ട്‌സ്ആപ്പ് പ്രഖ്യാപിച്ചിട്ടില്ല. വാട്‌സ്ആപ്പിന്റെ പുതിയ വിവരങ്ങള്‍ നല്‍കുന്ന വെബ്റ്റാല്‍ഇന്‍ഫോ റിപ്പോര്‍ട്ട് ആന്‍ഡ്രോയിഡിലാണ് ഫീച്ചര്‍ വരുമെന്നാണ് സൂചിപ്പിക്കുന്നത്.
അതേസമയം പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. അതിനാല്‍ തന്നെ അടുത്ത് തന്നെ പുതിയ ഫീച്ചര്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. ലോകമെമ്പാടുമുള്ള വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഫയൽ പങ്കിടൽ കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കാൻ ഈ പുതിയ ഫീച്ചറിന് കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
Post a Comment