തിരുവനന്തപുരം:
കടുത്ത ഉഷ്ണ തരംഗം തുടരുന്നതിനാല്‍ താല്‍ക്കാലികമായി സംസ്ഥാനത്ത് ഉണ്ടായ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. സംസ്ഥാനത്ത് നീണ്ടുനിൽക്കുന്ന ഉഷ്ണ തരംഗത്തെ തുടർന്ന് വൈദ്യുതി ഉപയോഗത്തിൽ ഉണ്ടായിരിക്കുന്ന വർദ്ധനവും, അതിനെ തുടർന്നുണ്ടായിരിക്കുന്ന പ്രതിസന്ധികളും, പരിഹാരമാർഗ്ഗകളും ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ഇന്നലെ (8.5.24)കെഎസ്ഇബിയിലെ വിവിധ ഓഫീസർ തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തുകയും അടിയന്തരമായി പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉദ്യോഗസ്ഥലത്തിൽ നിർദ്ദേശങ്ങൾ നൽകുകയും ഉണ്ടായി.
വിവിധ ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ നല്‍കിയ വിവരം അനുസരിച്ച് സംസ്ഥാനമൊട്ടാകെ വൻകിട വൈദ്യുതി ഉപഭോക്താക്കൾ, കേരള വാട്ടർ അതോറിറ്റി, ലിഫ്റ്റ് ഇറിഗേഷൻ, മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഏകദേശം 117 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് വരുത്തിയിട്ടുണ്ട്. പല സ്വകാര്യ സ്ഥാപനങ്ങളും പീക്ക് സമയത്ത് ഷിഫ്റ്റ് ഡ്യൂട്ടി ഒഴിവാക്കി കൊണ്ടാണ് കെഎസ്ഇബിയുടെ ആഹ്വാനത്തോട് പ്രതികരിച്ചത്. യോഗത്തിൽ ട്രാൻസ്ഫോർമർ, ട്രാൻസ്ഫോർമർ ഓയിൽ, വൈദ്യുതി മീറ്റർ എന്നിവയുടെയും മറ്റ് സാധനസാമഗ്രികളുടെയും ലഭ്യതയെക്കുറിച്ചും ചർച്ച ചെയ്തു. കെഎസ്ഇബി ട്രാൻസ്ഫോർമർ വാങ്ങാനായി ഓർഡർ നൽകിയ കെല്‍ -ല്‍ നിന്നും ട്രാൻസ്ഫോർമർ ലഭ്യമാകാത്തതിനെ തുടർന്ന് മറ്റ് സ്ഥാപനങ്ങളില്‍ നിന്നും അടിയന്തിരമായി ലഭ്യമാക്കിയിട്ടുണ്ട്. കേടായ മീറ്ററുകൾ മാറ്റുന്നതിനുള്ള മീറ്ററുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കെഎസ്ഇബിയിലെ ഡയറക്ടർമാർ ഉറപ്പ് നൽകി. അടിയന്തര ആവശ്യങ്ങൾക്കായി പ്രാദേശിക തലത്തിൽ സാധനസാമഗ്രികൾ വാങ്ങുന്നതിന് വരുത്തിയിരുന്ന നിയന്ത്രണം മാറ്റിയതായി സിഎംഡി, കെ എസ് ഇ ബി എല്‍ കഴിഞ്ഞദിവസം ഉത്തരവിറക്കിയതായി അറിയിച്ചു.
Post a Comment