Jul 21, 2024

അർജുൻ ഉൾപ്പെടെ കണ്ടെത്താനുള്ളത് മൂന്നു പേരെ, ഇനി പരിശോധന പുഴയിൽ രൂപപ്പെട്ട മൺകൂനയ്ക്ക് അടിയിൽ


ഷിരൂർ : കര്‍ണാടകയിൽ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ വീണ്ടും പുഴയിലേക്ക്. രക്ഷാദൗത്യം ആറാം ദിവസത്തിലേക്ക് കടന്നപ്പോൾ മലയിടിഞ്ഞ മണ്ണ് ഭൂരിഭാഗവും നീക്കിക്കഴിഞ്ഞു. അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറി കണ്ടെത്താനായിട്ടില്ല.


മലയിടിഞ്ഞ് പുഴയിലേക്ക് ഒഴുകിയെത്തി രൂപപ്പെട്ട മൺകൂനയിലാണ് ഇനി രക്ഷാ പ്രവർത്തകരുടെ ശ്രദ്ധ. വെള്ളവും ചളിയും ചേർന്ന കുഴമ്പ് രൂപത്തിലായ ഭാഗമാണിത്. അർജുനെ കൂടാതെ ഷിരൂർ സ്വദേശിയായ സന്ദി ഗൌഡ, കർണാടകക്കാരനായ ജഗന്നാഥ് നായിക് എന്നിവരെയും കണ്ടെത്താനായിട്ടില്ല.
റോഡിലെ മണ്ണ് 98 ശതമാനവും നീക്കിക്കഴിഞ്ഞതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണഭൈര ഗൗഡ മാധ്യമങ്ങളോട് പ്രതികരിച്ചു. . അപകടത്തില്‍ ഇതുവരെ ഏഴു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. കാണാതായ അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെകൂടി ഇനി കണ്ടെത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റഡാര്‍ സൂചനകള്‍ ലഭിച്ച സ്ഥലത്ത് ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും ട്രക്കിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല. ബെലഗാവി ക്യാമ്പില്‍ നിന്നുളള 40 പേരടങ്ങുന്ന സൈനിക സംഘം ഉള്‍പ്പെടെ ആറാം ദിവസത്തില്‍ തിരച്ചില്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരച്ചിലിനെ സഹായിക്കാനായി ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിക്കുന്നു.
പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേരാണ് മരിച്ചതായി സ്ഥിരീകരിച്ചത്. കാര്‍വാര്‍ - കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്.
അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികൾ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു.                     അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം സംശയിക്കുന്നത്. തുടര്‍ന്ന് ബന്ധുക്കളില്‍ ചിലര്‍ അപകട സ്ഥലത്തേക്ക് പോയി.            രക്ഷാപ്രവര്‍ത്തകര്‍ക്ക് ജിപിഎസ് വിവരങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന്, വിവരം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടായതിന് ശേഷമാണ് ഗൗരവതരമായ തിരച്ചില്‍ ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥയായും. രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാക്കി.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only