കോഴിക്കോട്: എം.എല്‍.ടി. പഠനം പൂർത്തിയാക്കി പരീക്ഷ കഴിഞ്ഞദിവസം, വിദ്യാർഥികളായ നസ്രിനും ഹിബയും റിസ്ബയും റിസയും അവർ സ്ഥിരം കയറാറുളള സ്വകാര്യബസ്സില്‍ ഒരിക്കല്‍ കൂടി കയറി.
മൂന്ന് വർഷം സുരക്ഷിതമായി കോളേജില്‍ എത്തിച്ച ബസ് ജീവനക്കാരായ അനിയോടും മുരളിയോടും യാത്ര പറഞ്ഞു. ഒപ്പം ഒരു സമ്മാനവും നല്‍കി. ഈ തൊഴിലെടുത്ത് തുടങ്ങിയ ശേഷം ആദ്യമായൊരു സമ്മാനം കിട്ടിയപ്പോള്‍ അനിക്കും മുരളിക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. കോഴിക്കോട് മെഡിക്കല്‍ കോളേജ് - വെള്ളിമാടുകുന്ന് റൂട്ടില്‍ സർവീസ് നടത്തുന്ന ഐഡിയല്‍ ബസ് ജീവനക്കാർക്ക് വിദ്യാർഥികള്‍ 'സർപ്രൈസ് ഗിഫ്റ്റ്' നല്‍കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഷർട്ടും മുണ്ടുമാണ് വിദ്യാർഥിനികള്‍ ബസ് ജീവനക്കാർക്ക് സമ്മാനിച്ചത്.
മൂന്ന് കൊല്ലമായി ഈ ബസ്സിലെ സ്ഥിരം യാത്രക്കാരാണ്. മറ്റൊരു ബസ് ജീവനക്കാരോടും തോന്നാത്തൊരു സ്നേഹം ഞങ്ങള്‍ക്ക് ഇവരോടുണ്ട്. ഞങ്ങളുടെ കോളേജ് ജീവിതത്തില്‍ ചെറുതല്ലാത്തൊരു പങ്ക് ഇവർക്കുമുണ്ട്. അവർക്കൊരു സമ്മാനം കൊടുക്കാതെ ഞങ്ങള്‍ എങ്ങനെ പോകുമെന്ന് നാല്‍വർ സംഘം ചോദിക്കുന്നു. മുഖം കറുപ്പിക്കാത്ത , ചീത്ത പറയാത്ത ബസ് ജീവനക്കാരോട് ഞങ്ങള്‍ക്ക് തോന്നുന്ന സ്നേഹം എസ്.ടി. കൊടുത്ത് ഒരിക്കലെങ്കിലും ബസ്സില്‍ യാത്ര ചെയ്തവർക്ക് മനസ്സിലാവുമെന്നും ഇവർ പറയുന്നു.
വർഷങ്ങളായി ബസ്സില്‍ ജോലി ചെയ്യുന്നവരാണ് മുരളിയും അനിയും ഈ തൊഴിലിനിടെ ആദ്യമായി ഒരു സമ്മാനം കിട്ടിയതിന്റെ സന്തോഷത്തിലും അമ്ബരപ്പിലുമാണ് ഇരുവരും. കുട്ടിക്കൂട്ടുകാർ നല്‍കിയ ഷർട്ടും മുണ്ടും ഇരുവർക്ക് നന്നായി ഇഷ്ടപ്പെട്ടു, കുട്ടികള്‍ തന്ന സമ്മാനം വീട്ടില്‍ കാണിച്ചപ്പോള്‍ വീട്ടുകാർക്കൊക്കെ വലിയ സന്തോഷമായി ഇതൊരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ് അനിയും മുരളിയും പറയുന്നത്.
ആകെ രണ്ട് ബസ്സാണ് മെഡിക്കല്‍ കോളേജ് - വെളളിമാട്കുന്ന് റൂട്ടില്‍ ഓടുന്നത്. ബസ്സിനെ ആശ്രയിക്കുന്നവരെല്ലാം സ്ഥിരം യാത്രക്കാർ. എല്ലാവരോടും നല്ല രീതിയിലേ പെരുമാറാറുള്ളൂ എന്നും മുരളിയും അനിയും പറഞ്ഞു. രാവിലെയും വൈകിട്ടും ബസ്സില്‍ നിറയെ കുട്ടികളുണ്ടാവും. എസ്.ടി. തന്ന് ബസ്സില്‍ യാത്രചെയ്യുന്ന കുട്ടികളെ ഞങ്ങള്‍ വഴക്കുപറയാറോ ബുദ്ധിമുട്ടിക്കാറോ ഇല്ല, എല്ലാവരോടും സ്നേഹം മാത്രമേ ഉള്ളൂ അതാവാം കുട്ടികളെ സമ്മാനം തരാൻ പ്രേരിപ്പിച്ചതെന്നും അനിയും മുരളിയും പറയുന്നു.
Post a Comment