Aug 28, 2024

ദേശീയപാതാ വികസനം; നടപടികൾ വേഗത്തിലാക്കാൻ ഉന്നതതല യോഗം ചേർന്നു


കോഴിക്കോട്- മുത്തങ്ങ ദേശീയപാതാ വികസനം; നടപടികൾ വേഗത്തിലാക്കാൻ ഇടപെടും

മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

കോഴിക്കോട് - മുത്തങ്ങ ദേശീയ പാതാ വികസനത്തിനുള്ള പദ്ധതി തയ്യാറാക്കല്‍ വേഗത്തിലാക്കുവാന്‍ സംസ്ഥാനം ഇടപെടും. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. മലാപ്പറമ്പ് - പുതുപ്പാടി , പുതുപ്പാടി - മുത്തങ്ങ എന്നീ രണ്ട് റീച്ചുകള്‍ ആയാണ് പദ്ധതി രേഖ തയ്യാറാക്കുന്നത്. മലാപ്പറമ്പ് - പുതുപ്പാടി മുപ്പത്തി അഞ്ച് കിലോ മീറ്റര്‍ ദൂരമാണ് വികസിപ്പിക്കുന്നത് . പുതുപ്പാടി -  മുത്തങ്ങ 77.8 കിലോ മീറ്ററും വികസിപ്പിക്കും.  ഈ റോഡ് നാലുവരിയായി വികസിപ്പിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നത്.  

താമരശേരി ചുരത്തിലെ മൂന്ന്  ഹെയര്‍പിന്‍ വളവുകള്‍ വികസിപ്പിക്കുന്നതിന് സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരം നല്‍കണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടാനും തീരുമാനിച്ചു. 35.49 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി തയ്യാറാക്കി കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയത്തിന് സമര്‍പ്പിച്ചത്.  കല്‍പ്പറ്റ ബൈപ്പാസ് നാലുവരി ആയി വര്‍ധിപ്പിക്കുന്നതിന് 162.69 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിക്കാനുള്ള ഇടപെടലും പൊതുമരാമത്ത് വകുപ്പ് ശക്തമാക്കും. 

പദ്ധതിക്കുള്ള അംഗീകാരം നേടിയെടുക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ വകുപ്പു സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി . മലാപ്പറമ്പ് - പുതുപ്പാടി റീച്ചില്‍ തീരുമാനിച്ച ഉപരിതല നവീകരണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് നഗരത്തില്‍ പഴയ എന്‍ എച്ചിലെ പ്രവൃത്തി പുരോഗതിയും മന്ത്രി വിലയിരുത്തി. തലശേരി - മാഹി ദേശീയ പാതയിലെ പ്രവൃത്തിയും വേഗത്തില്‍ പൂര്‍ത്തിയാക്കുവാന്‍ യോഗം തീരുമാനിച്ചു. 

യോഗത്തില്‍ മന്ത്രിക്കു പുറമെ വകുപ്പു സെക്രട്ടറി കെ ബിജു, അഡീഷണല്‍ സെക്രട്ടറി ഷിബു എ , ചീഫ് എഞ്ചിനിയര്‍മാരായ അജിത്  രാമചന്ദ്രന്‍ , അന്‍സാര്‍ എം  എന്നിവരും പങ്കെടുത്തു .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only