കൃഷി വകുപ്പ് വയനാട് കൽപറ്റ ബ്ലോക്ക് ആത്മ യൂണിറ്റിന്റെ പഠനയാത്ര പദ്ധതിയുടെ ഭാഗമായി നാൽപത്തിയഞ്ച് കർഷകരും അഞ്ച് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം തിരുവമ്പാടി ഫാംടൂറിസ സർക്യൂട്ട് സന്ദർശിച്ചു. മുണ്ടക്കൈ ദുരന്തത്തെത്തുടർന്ന് ടൂറിസ രംഗം തന്നെ ഏറെക്കുറെ നിശ്ചലാവസ്ഥയിലായിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ വയനാട്ടിൽ നിന്നു തന്നെയുള്ള സന്ദർശകരുടെ ആഗമനം ഏറെ ആഹ്ലാദകരവും പ്രതീക്ഷാജനകവുമാണെന്ന് ഇരവഞ്ഞിവാലി ഫാം ടൂറിസ സൊസൈറ്റി പ്രസിഡണ്ട് അജു എമ്മാനുവൽ പറഞ്ഞു.
അസിസ്റ്റന്റ് ഡയറക്ടർ ഇൻചാർജ്ജ് ചിത്ര എ.ആർ, അഗ്രി അസിസ്റ്റന്റ്മാരായ ചന്ദ്രിക എംസി, പ്രവീൺ, മഹേഷ്, വിജയലക്ഷ്മി, ആത്മ ഉദ്യോഗസ്ഥ സജിന പിഎസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സന്ദർശക സംഘത്തെ തിരുവമ്പാടി കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ, രതീഷ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഡൊമിനിക് മണ്ണൂക്കുശുമ്പിലിന്റെ കാർമ്മൽ അഗ്രോ ഫാം, ദേവസ്യ മുളക്കലിന്റെ ഫ്രൂട്ട് ഫാം റിസോർട്ട്, ജോർജ്ജ്കുട്ടി പനച്ചിക്കലിന്റെ അക്വാ പെറ്റ്സ് ഇന്റർനാഷണൽ, ബീന അജുവിന്റെ താലോലം പ്രൊഡക്ട്സ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ സംഘം ഫാമുകളുടെ മനോഹാരിതയിലും സമൃദ്ധിയിലും തങ്ങൾക്ക് ലഭിച്ച പ്രായോഗിക പരിശീലനങ്ങളിലും രുചികരമായ ഭക്ഷണത്തിലും ആതിഥ്യമര്യാദയിലും ഏറെ സംതൃപ്തി രേഖപ്പെടുത്തിയാണ് മടങ്ങിയത്.
Post a Comment