മലപ്പുറത്ത് നിന്ന് ഊട്ടി ട്രിപ്പിനൊരുങ്ങിയ കെ.എസ്.ആർ.ടി.സി ബസ് ജപ്തി ചെയ്തു. 2008ൽ തിരൂർക്കാട് അപകടത്തിൽ യാത്രക്കാരി മരിച്ചിരുന്നു. ഇതിന്റെ നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്നാണ് ബസ് കോടതി ജപ്തി ചെയ്തത്. മലപ്പുറത്ത് നിന്ന് ഊട്ടിയിലേക്കുള്ള ഏക ബസാണിത്. മറ്റു കെ.എസ്.ആർ.ടി.സി ബസുകളെല്ലാം അപകടത്തിൽ നഷ്ടപരിഹാരം നൽകാനുണ്ടായാൽ ഇതെ ബസാണ് ജപ്തി ചെയ്യാറുള്ളത്. അന്തർസംസ്ഥാന ബസായതിനാൽ യാത്ര മുടങ്ങും. ഇതോടെ കോടതി നടപടികൾ പാലിച്ച് നഷ്ടപരിഹാരം നൽകി വാഹനം തിരിച്ചെടുക്കാൻ കെ.എസ്.ആർ.ടി.സി തയാറാകും. ഇത് മുൻകൂട്ടി കണ്ടാണ് ഊട്ടി ബസ് തന്നെ കോടതി ജപ്തി ചെയ്തത്.
ഊട്ടിയിൽ നിന്ന് മഞ്ചേരിയിലെത്തിയ ബസിൽ കോടതി ജീവനക്കാർ കയറി മലപ്പുറത്തെത്തി ജപ്തി നോട്ടിസ് നൽകിയപ്പോഴാണ് ഉദ്യോഗസ്ഥരും അമ്പരന്നത്. ഊട്ടിയിലേക്കുള്ള യാത്രക്കാർ മലപ്പുറത്ത് കാത്തിരിക്കുന്ന സമയത്തായിരുന്നു നടപടി. നോട്ടിസ് പതിച്ച് വാഹനം കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയി. എന്നാൽ യാത്ര മുടങ്ങാതിരിക്കാൻ മലപ്പുറം ഡിപ്പോ നിലമ്പൂരിലെ സൂപ്പർ ഡീലക്സ് ബസ് പ്രയോജനപ്പെടുത്തി സർവീസ് നടത്തി. രണ്ടാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം അടക്കണമെന്ന് കോടതി നിർദേശിച്ചു. 36 ലക്ഷത്തോളം രൂപയാണ് നഷ്ടപരിഹാരമായി യാത്രക്കാരിക്ക് നൽകാനുള്ളത്.
Post a Comment