ആചാരപ്രകാരം അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനം അഥവാ മീലാദുന്നബി. മീലാദ് (مِيلَاد), മൗലീദ് എന്ന വാക്കിന്റെ അർത്ഥം ജന്മ നാൾ എന്നാണ്, മീലാദുനബി , മീലാദ് ശരീഫ്, ഈദ് മീലാദ് എന്നൊക്കെയുള്ള വിശേഷണങ്ങൾ പ്രവാചകൻ മുഹമ്മദിന്റെ ജന്മ നാളിനെയും ആഘോഷങ്ങളെയും സൂചിപ്പിക്കുന്നവയാണ്. നബി ദിനം എന്ന പേരിലാണ് ഈ ദിവസം കേരളത്തിൽ അറിയപ്പെടുന്നത്. ക്രിസ്തുവര്ഷം 571 ഏപ്രിൽ 21 ന് പുലർച്ചെ അടുത്ത സമയത്താണ് മുഹമ്മദ് നബി ജനിച്ചത്. മുഹമ്മദ് നബി മരണപ്പെട്ടതും അറുപത്തിമൂന്നാം വയസ്സിൽ ഇതെ ദിവസം തന്നെയാണ്. ഹിജ്ര വർഷം റബീഉൽ അവ്വൽ 12നാണ് നബിദിനം.
*ആഘോഷ രീതി*
മുഹമ്മദ് നബിയുടെ ജന്മ മാസമായ റബ്ബിഉൽ അവ്വൽ ആരംഭിച്ചാൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. സന്തോഷ സൂചകമായി ദൈവത്തോട് നന്ദി പ്രകാശിപ്പിച്ചു ഖുറാൻ പാരായണം സ്വലാത്തുകൾ, ഇസ്ലാമിക കലാ സദസ്സുകൾ , നബി ചരിത്ര വിവരണം,പ്രകീർത്തനം , മത പ്രസംഗം , അന്നദാനം, അഗതികളെയും രോഗികളെയും സഹായിക്കൽ, ദരിദ്രർക്കുള്ള വസ്ത്ര വിതരണം , ഭക്ഷണ വിതരണം, ദാനധർമ്മങ്ങൾ , ഘോഷയാത്രകൾ എന്നിങ്ങനെ വ്യത്യസ്തമായ രീതികളിലാണ് ആഘോഷ പരിപാടികൾ നടക്കുക. ഇവയിൽ പ്രധാനപ്പെട്ടതാണ് മൗലീദുന്നബിയെന്ന പ്രകീർത്തന കാവ്യ ആലാപനം. പള്ളികളിലോ വീടുകളിലോ പ്രതേക സദസ്സുകളിലോ, ഒറ്റക്കോ കൂട്ടമായോ ഇത്തരം കാവ്യ പ്രകീർത്തന സദസ്സുകൾ സംഘടിപ്പിച്ചു മദ്ഹ്(അപദാനം) പറഞ്ഞു അന്ന വിതരണം നടത്തുകയാണ് പതിവ്. ലോകമൊട്ടുക്കുമുള്ള മുസ്ലിംഭരണകൂടങ്ങളും, സംഘടനകളും കൂട്ടങ്ങളും വ്യക്തികളുമൊക്കെ മീലാദുന്നബി സംഘടിപ്പിക്കാറുണ്ട്. സൗദി അറേബ്യ ഒഴികെയുള്ള മുസ്ലിം രാജ്യങ്ങൾ ഈ ദിവസം അവധി നൽകി വരുന്നു. കേരളത്തിലെ പാരമ്പര്യ മുസ്ലിം സംഘടനകൾ നബിദിനത്തിന് റാലികളും, മദ്രസകളിൽ കലാസാഹിത്യ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഇന്ത്യ ഉൾപ്പെടെ ലോകത്തെ അനേക രാജ്യങ്ങളിൽ റബീഉൽ അവ്വൽ 12 പൊതു അവധിയാണ്.
*പ്രവാചകൻ*
ഏറ്റവും സൗമ്യമായി ലോകത്തെ സ്പർശിക്കാനുള്ള പരിശീലനമാണ് ഇരുപത്തിമൂന്ന് വർഷത്തെ പ്രവാചകജീവിതത്താല്‍ മുഹമ്മദ് നബി നിറവേറ്റിയത്.
ഒച്ചപ്പാടുകളെ കാഴ്ചപ്പാടുകൊണ്ട് മുറിച്ചുകടന്ന് ആയുസ്സിന്റെ അർഥം പറഞ്ഞുതന്നു. ബദല്‍ എന്ന് വിളിക്കാവുന്നൊരു ജീവിതമനുഷ്ഠിച്ച് വിടപറഞ്ഞു
പണ്ട്, ചങ്ങാതിയുടെ വീട്ടിലേക്കുള്ള യാത്രയില്‍, ഒരാള്‍ വഴിയടയാളം പറഞ്ഞത് ഇങ്ങനെയായിരുന്നു:
''കുറച്ചുകൂടി പോയാല്‍ ഒരു പശു പുല്ലുതിന്നുന്നതു കാണാം, അതിന്റെ തൊട്ടുപിറകിലെ വീട്.''
എത്ര പോയിട്ടും അങ്ങനൊരു പശുവിനെക്കണ്ടതേയില്ല. ആ വീട്ടിലേക്കെത്താൻ സമയമെടുത്തു. വൈകിയതിന്റെ കാരണം കേട്ടപ്പോള്‍ അവന്റെ അച്ഛൻ പറഞ്ഞൊരു വാക്ക് പിന്നൊരിക്കലും മറന്നില്ല, ''ഇളകുന്ന ഒന്നിനെയും വഴിയടയാളമാക്കരുത്. മാറ്റമില്ലാത്തതു മാത്രമാണ് മാതൃക.''
''പാഴ്‌നിലാവുണ്ടാക്കാത്ത പൂനിലാവ്'' എന്ന് വള്ളത്തോള്‍ കവിതകൊണ്ട് പറഞ്ഞതും അതുതന്നെ. എന്താണ് ഗുരു എന്നതിനുള്ള ഒന്നാന്തരം ഉത്തരം. നൂറ്റാണ്ടുകള്‍ ഇളകിയാടുമ്പോഴും ഗുരുവങ്ങനെ നില്‍ക്കുന്നു, ഇളക്കമേതുമില്ലാതെ. ഇരുട്ടുകളെയെല്ലാം ഭേദിക്കുന്ന വെളിച്ചത്തിലേക്ക് ചൂണ്ടി.
ഏറ്റവും സൗമ്യമായി ലോകത്തെ സ്പർശിക്കാനുള്ള പരിശീലനമാണ് ഇരുപത്തിമൂന്ന് വർഷത്തെ പ്രവാചകജീവിതത്താല്‍ മുഹമ്മദ് നബി നിറവേറ്റിയത്. ഒച്ചപ്പാടുകളെ കാഴ്ചപ്പാടുകൊണ്ട് മുറിച്ചുകടന്ന് ആയുസ്സിന്റെ അർഥം പറഞ്ഞുതന്നു. ബദല്‍ എന്ന് വിളിക്കാവുന്നൊരു ജീവിതമനുഷ്ഠിച്ച് വിടപറഞ്ഞു.
ഒരു തരി മണ്ണിന്, ഒരു പെണ്ണിന്, ഒരു തുള്ളി കള്ളിന് തലമുറകളോളം വൈരം കാത്തുസൂക്ഷിച്ച മനുഷ്യരുടെ കാലത്തായിരുന്നു പ്രവാചക ജീവിതം. എന്നിട്ടെങ്ങനെയാണ് ഒരു ബദല്‍ സാധിച്ചത് എന്നതിന് പറ്റിയൊരു സംഭവമുണ്ട്:
മക്കയിലെ പീഡിതകാലത്ത് കഅ്ബയുടെ അകത്തിരുന്ന് പ്രാർഥിക്കാൻ ആഗ്രഹിച്ചു പ്രവാചകൻ. താക്കോലിന്റെ സൂക്ഷിപ്പുകാരൻ ഉസ്മാനെക്കണ്ട് ആഗ്രഹം പറഞ്ഞു. അയാള്‍ക്കത് തമാശയായിരുന്നു. കഅ്ബയുടെ താക്കോല്‍ നല്‍കിയില്ലെന്നു മാത്രമല്ല പരിഹാസം കോരിച്ചൊരിയുകയും ചെയ്തു. ദുഃഖഭാരത്തോടെ ആ വീട്ടില്‍നിന്നിറങ്ങുമ്ബോള്‍ പ്രവാചകൻ ഒരു വാക്കുമാത്രം പറഞ്ഞു: ''ഉസ്മാന്‍, ഈ താക്കോല്‍ എന്റെ കൈകളില്‍ വന്നുവീഴുന്നൊരു ദിവസമെത്തും. അന്ന് ഞാൻ തീരുമാനിക്കും എന്തുചെയ്യണമെന്ന്. നമുക്ക് കാത്തിരുന്നു കാണാം.''
ഉസ്മാൻ പൊട്ടിച്ചിരിച്ച് പരിഹാസത്തിന് മൂർച്ചകൂട്ടി. പക്ഷേ, ആ വാക്ക് വെറുതെയായില്ല. പറിച്ചെറിഞ്ഞാല്‍ തഴച്ചുവളരുന്ന കാട്ടുമുല്ലപോലെ, ആ നാടിന്റെ നായകനായി പ്രവാചകൻ തിരികെയെത്തി. കഅ്ബയുടെ താക്കോല്‍ പ്രവാചകന്റെ കൈയില്‍. ചരിത്രനിമിഷം! എന്തുസംഭവിക്കുമെന്നറിയാൻ ആയിരക്കണക്കായ മനുഷ്യർ ആകാംക്ഷാപൂർവം ഉറ്റുനോക്കി. ഹസ്രത്ത് അലിയെപ്പോലുള്ള ചിലർ താക്കോല്‍ ആവശ്യപ്പെടുകപോലും ചെയ്തു.
ഇല്ല, അവർക്കൊന്നും നല്‍കിയില്ല. തിങ്ങിനിന്ന ആള്‍ക്കൂട്ടത്തില്‍ തലതാഴ്ത്തിനിന്ന ഒരാളെ പ്രവാചകൻ അരികിലേക്ക് വിളിച്ച് ആലിംഗനംചെയ്ത് താക്കോല്‍ ഏല്‍പിച്ചു. ചരിത്രനിയോഗത്തിന് തെരഞ്ഞെടുത്ത ആ മനുഷ്യനെക്കണ്ട് സർവരും അന്ധാളിച്ചുനിന്നു. മറ്റാരുമല്ല, അന്ന് പരിഹാസച്ചിരികൊണ്ട് അപമാനിച്ച അതേ ഉസ്മാൻ! ത്വല്‍ഹയുടെ മകൻ ഉസ്മാൻ. ഇന്നും, രണ്ടായിരത്തി ഇരുപത്തിനാലിലും അതേ ഉസ്മാന്റെ നൂറ്റിപ്പത്താം തലമുറയുടെ കൈയിലാണ് കഅ്ബയുടെ താക്കോല്‍.
അടുക്കാനോ സ്നേഹിക്കാനോ അല്ല, അകലാനും കലഹിക്കാനുമാണ് തങ്ങളുടെ ഇടം കൂടുതലും ആളുകളുപയോഗിക്കുന്നത് എന്ന് ഗൂഗ്ള്‍ പുറത്തുവിട്ട കണക്കുകളോർത്ത് ഈ താക്കോല്‍ക്കഥ ഒന്നുകൂടി വായിച്ചുനോക്കൂ. ഇളക്കമില്ലാത്ത വഴിയടയാളമാണ് ഗുരു.
കടന്നുപോകുന്ന അനുഭവങ്ങളിലൂടെ പരുവപ്പെടുന്ന ജീവിയാണ് മനുഷ്യൻ. അനുഭവങ്ങള്‍ വേറെയും, ജീവിതം വേറെയുമല്ല. രണ്ടും ഒന്നാണ്, ഒപ്പമാണ്. സാധാരണ മനുഷ്യനേല്‍ക്കുന്ന ജീവിതഭാരത്തിന്റെ ചൂടും ചുമടുമെല്ലാം അറിഞ്ഞനുഭവിച്ച ഗുരുനാഥനാണ് പ്രവാചകൻ. ലോകത്തിന് മുഴുവൻ അനുഗ്രഹമായിട്ടും ലോകത്തുനിന്ന് അധികം അനുഗ്രഹങ്ങളനുഭവിച്ചില്ല. അനാഥകളെ പരിഗണിക്കൂവെന്ന് പറഞ്ഞ പ്രവാചകന് അനാഥയുടെ കഠിനദുഃഖമെന്താണെന്ന് അറിയാമായിരുന്നു.
വിധവകളെ അവഗണിക്കല്ലേയെന്ന് പഠിപ്പിച്ച പ്രവാചകൻ, വിധവയുടെ അരക്ഷിതത്വം അറിഞ്ഞത് അയല്‍പക്കത്തുനിന്നല്ല, സ്വന്തം ഉമ്മയിലാണ്. നഷ്ടങ്ങളുടെ പൊരിവെയിലില്‍ സങ്കടം പകുത്തൊന്നു കെട്ടിപ്പുണർന്ന് കരയാൻ ഉടപ്പിറപ്പുപോലുമില്ലാതെ ഒറ്റക്കായിരുന്നു. ദരിദ്രനായിരുന്നു, ആശ്രിതനായിരുന്നു, തൊഴിലാളിയായിരുന്നു. അനുഭവങ്ങളിലൂടെ ഒഴുകി. സമൂഹത്തിന്റെ ചൂടില്‍തന്നെ ജീവിച്ചു. കിട്ടിയതെല്ലാം അപരനുകൂടി പകുത്തു.
പ്രവാചകത്വത്തിന്റെ ആദ്യാനുഭവത്താല്‍ ഭയന്നോടിവന്ന തിരുനബിയെ ഖദീജ ആശ്വസിപ്പിച്ച വാക്കുകളോർത്തുനോക്കൂ; ''പ്രിയപ്പെട്ടവനേ, താങ്കള്‍ പാവപ്പെട്ടവന്റെ കൂട്ടുകാരൻ. വിശക്കുന്നവർക്ക് അന്നമേകുന്നവൻ. ബന്ധങ്ങളെ ചേർത്തുനിർത്തുന്നവൻ. ഇല്ല, എന്റെ പ്രിയപ്പെട്ടവനെ ദൈവം വിഷമത്തിലാക്കില്ല.''
ഹിറാ ഗുഹയില്‍ തപസ്സിരുന്ന പ്രവാചകൻ, കഠിനമായ മലകയറി ദൈവത്തെമാത്രം ധ്യാനിച്ചിരുന്ന പ്രവാചകൻ. എന്നിട്ടും അതേപ്പറ്റിയൊന്നുമല്ലല്ലോ പ്രിയപ്പെട്ടവള്‍ ഓർമപ്പെടുത്തിയത്. ''ഇത്രയേറെ ആരാധനകള്‍ ചെയ്യുന്നവനല്ലേ'' എന്നു പറയാമായിരുന്നില്ലേ? ആരാധനകള്‍ കുഞ്ഞുങ്ങള്‍പോലും അനുഷ്ഠിക്കുന്നത് കാണാം.
അത്രയെളുപ്പം വഴങ്ങിത്തരാത്ത ചിലതുണ്ട്. അത്രവേഗം ഹൃദയം ശ്രദ്ധിക്കാതെ പോകുന്ന ചില കനിവുകളുണ്ട്. കേള്‍ക്കേണ്ട ചില വിതുമ്പലുകളുണ്ട്. ഒരാളുടെ ജീവിതം പ്രത്യേകതയുള്ളതാകുന്നത് ആ ബിന്ദുവിലാണ്. അതേപ്പറ്റിയാണ് അവർ ഓർമിപ്പിച്ചത്. മക്കയിലെ ഭയത്തിന് അഭയമായത് മദീനയാണ്. അതൊരു നഗരം മാത്രമല്ല, ബോധമാണ്. അഭയമേകുന്ന മദീനയാകൂ എന്ന ബോധം.
ആത്മീയതയെ ബഹളങ്ങളില്‍നിന്ന് വിമോചിപ്പിച്ച ദൗത്യമായിരുന്നു പ്രവാചകന്റേത്. ഉണങ്ങാതെ നില്‍ക്കാൻ വേരിലൊഴിക്കുന്ന വെള്ളമാണ് ആത്മീയത. ദേഹം ചീർക്കുകയും ദേഹി ചീഞ്ഞുപോവുകയും ചെയ്യുന്നതില്‍നിന്ന് കാത്തുരക്ഷിക്കുന്ന മരുന്നാണത്. പക്ഷേ, അത് ആരാധനകള്‍ നിർവഹിക്കുമ്പോള്‍ മാത്രം നേടുന്നതോ, തീർഥാടനങ്ങളാല്‍ മാത്രം കൈവരുന്നതോ അല്ലെന്നും, ഇതാ, ഈ ജീവിതത്തിന്റെ പച്ചയില്‍ അനുഭവിക്കാനുള്ളതാണെന്നും അതിമധുരമായി പഠിപ്പിച്ചുതന്നു, പ്രവാചകൻ.
അതിർത്തികളെല്ലാം മറന്ന് മനുഷ്യനെ സ്വീകരിക്കാനുള്ള സന്നദ്ധതയാണ് ശരിയായ ആന്തരികവളർച്ചയും ആത്മീയതയുമെന്നതിന് ആ ജീവിതം സാക്ഷിയായി. പല കാലങ്ങളില്‍ പല ജീവിതമുള്ള മനുഷ്യർക്ക് ഒരൊറ്റ ജീവിതംകൊണ്ട് മാതൃക പാകി. ഏതവസ്ഥകളില്‍ ഉരുകുമ്പോ ഴും വഴികാട്ടാനുള്ള ചൂണ്ടുപലകയായി. പല രുചികള്‍ വിളമ്പി വെച്ച ഇലച്ചീന്തുപോലെ ആ ജീവിതം ധന്യമായി.
Post a Comment