Sep 30, 2024

ഏത് കോടതിയായാലും നീതി നിഷേധിക്കരുത്; സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ വിധിയില്‍ വിമര്‍ശനവുമായി മന്ത്രി


കോഴിക്കോട്: നടൻ സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി വിധിയില്‍ വിമർശനവുമായി മന്ത്രി ആർ ബിന്ദു. ഏതു കോടതിയാണെങ്കിലും പരാതിപ്പെടാനുണ്ടായ കാലതാമസത്തിന്റെ പേരില്‍ നീതി നിഷേധിക്കാൻ പാടില്ല. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെങ്കില്‍ മാതൃകാപരമായ ശിക്ഷ അർഹിക്കുന്നു. സ്ത്രീകളോടൊപ്പം നില്‍ക്കാനുള്ള ബാദ്ധ്യത രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിക്കുണ്ടെന്നും മന്ത്രി ആർ. ബിന്ദു കോഴിക്കോട് പറഞ്ഞു.


ലൈംഗിക പീഡനക്കേസില്‍ നടൻ സിദ്ദിഖിന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഉപാധികള്‍ അനുസരിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഉപാധികള്‍ എന്തൊക്കെയാണെന്ന് സംബന്ധിച്ച്‌ വിചാരണ കോടതിക്ക് തീരുമാനിക്കാം. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞാണ് സുപ്രീം കോടതിയുടെ വിധി. കേസില്‍ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ ബേല എം. ത്രിവേദിയുടെയും സതീഷ് ചന്ദ്ര ശർമ്മയുടെയും ബെഞ്ചില്‍ 62ാമത്തെ കേസായാണ് പരിഗണിച്ചത്. അഡിഷണല്‍ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകയുമായ ഐശ്വര്യ ഭാട്ടിയാണ് സംസ്ഥാന സർക്കാരിനായി ഹാജരായത്. സിദ്ദിഖിനുവേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകൻ മുകുള്‍ റോഹ്‌തകിയും. മുൻ സോളിസിറ്റർ ജനറല്‍ രഞ്ജിത് കുമാറിനെ ഇറക്കാനായിരുന്നു നീക്കമെങ്കിലും, വനിതാ അഭിഭാഷകയെ നിയോഗിക്കാമെന്ന നിലപാടിലേക്ക് മാറി. അതിജീവിതയ്ക്കായി മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ ഹാജരാകും. തടസഹർജികളാണ് സർക്കാരും അതിജീവിതയും നല്‍കിയിരിക്കുന്നത്. പായ്ച്ചിറ നവാസ്, അജീഷ് കളത്തില്‍ തുടങ്ങിയ പൊതുപ്രവർത്തകരും തടസഹർജി സമർപ്പിച്ചിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only