Sep 25, 2024

അർജുനെ ഗംഗാവലി പുഴക്ക് വിട്ടുനൽകാൻ ഉദ്ദേശിച്ചിട്ടില്ല, അമ്മക്ക് കൊടുത്ത വാക്ക് പാലിക്കുന്നു -മനാഫ്.


ഷിരൂർ: ലോറിക്കുള്ളിൽ അർജുനുണ്ടെന്ന് താൻ പലതവണ പറഞ്ഞപ്പോഴും ആരും വിശ്വസിച്ചില്ലെന്ന് ലോറി ഉടമ മനാഫ്. അർജുനെ ഗംഗാവലി പുഴക്ക് വിട്ടുനൽകാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തിരിച്ച് എത്തിക്കുമെന്ന് അമ്മക്ക് കൊടുത്ത വാക്ക് താൻ പാലിക്കുകയാണെന്നും മനാഫ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലുൾപ്പെടെ തനിക്കുനേരെ നിരവധി ആക്രമണങ്ങൾ ഉണ്ടായി. എന്നാൽ വിട്ടുകൊടുക്കാൻ തയാറായില്ല. ഒരു സാധാരണക്കാരനെക്കൊണ്ട് ചെയ്യാവുന്ന പരമാവധി കാര്യങ്ങൾ താൻ ചെയ്തെന്നും പറയുമ്പോൾ മനാഫിന്റെ കണ്ണുകൾ നിറഞ്ഞു.


“ലോറിക്കുള്ളിൽ അർജുനുണ്ടെന്നും അവിടെനിന്ന് എവിടെയും പോകില്ലെന്ന് എത്രയോ നാളുകളായി ഞാൻ പറഞ്ഞിരുന്നു. ആർക്കും വിശ്വാസമില്ലായിരുന്നല്ലോ. ഇനിയെങ്കിലും നിങ്ങള് നോക്ക്. നമ്മുടെ ലോറിയാണത്. അർജുൻ അതിൽ തന്നെയുണ്ട്. അങ്ങനെ അവനെ ഗംഗാവലി പുഴയിൽ വിടാൻ ഉദ്ദേശിച്ചിട്ടില്ല. അർജുനെ അവിടെ തിരിച്ച് എത്തിക്കുമെന്ന് അമ്മക്ക് കൊടുത്ത വാക്ക് ഞാൻ പാലിക്കുകയാണ്. ഒരു സാധാരണക്കാരനെക്കൊണ്ട് ചെയ്യാവുന്ന പരമാവധി കാര്യങ്ങൾ ഞാൻ ചെയ്തു. തോൽക്കാനുള്ള മനസ്സില്ല എനിക്ക്” -മനാഫ് പറഞ്ഞു.

കാണാതായി 71-ാം നാളാണ് അർജുൻ ഓടിച്ച ലോറി ബുധനാഴ്ച ഗംഗാവലി പുഴയിൽ കണ്ടെത്തിയത്. ക്യാബിനിൽ കണ്ടെത്തിയ മൃതദേഹം അർജുന്റേതു തന്നെയെന്ന് സ്ഥിരീകരിക്കാൻ ഡി.എൻ.എ പരിശോധന നടത്തും. നേരത്തെ അർജുന്‍റെ സഹോരനിൽനിന്ന് ഡി.എൻ.എ സാമ്പിൾ ശേഖരിച്ചിരുന്നു. തിരച്ചിലിന്റെ മൂന്നാംഘട്ടത്തിലാണ് ലോറി കണ്ടെത്തിയത്. ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിച്ച് നടത്തിയ തിരച്ചിലിൽ മണ്ണ് മാറ്റിയാണ് ലോറിയുടെ ക്യാബിൻ ഉൾപ്പെട്ട ഭാഗം കണ്ടെത്തിയത്. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ അടയാളപ്പെടുത്തിയ മേഖലയിലാണ് ബുധനാഴ്ച തിരച്ചിൽ നടത്തിയത്. ഐബോഡ് പരിശോധനയില്‍ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് തിട്ടപ്പെടുത്തിയ ഭാഗമാണിത്.

മുങ്ങൽ വിദഗ്ധർ പുഴയിലിറങ്ങി ക്രെയിനിൽ ബന്ധിപ്പിച്ച് ലോറി മുകളിലേക്ക് ഉയർത്തുകയായിരുന്നു. നേരത്തെ മുങ്ങൽ വിദഗ്ധരും നേവിയും ഉൾപ്പെടെ തിരച്ചിലിന് എത്തിയിരുന്നെങ്കിലും ലോറി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ലോറി കണ്ടെത്തിയതോടെ എല്ലാവർക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയതുമുതൽ ജിതിൻ ഷിരൂരിൽ ഉണ്ട്. അർജുൻ തിരിച്ചുവരില്ലെന്ന് ഉറപ്പായിരുന്നു. എന്നാൽ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനമെന്നും ജിതിൻ പറഞ്ഞു.

ഇക്കഴിഞ്ഞ ജൂലൈ 16നാണ് അർജുനെ കാണാതായത്. ബെലഗാവിയിലെ ഡിപ്പോയില്‍നിന്ന് അക്കേഷ്യ മരത്തടി കയറ്റി എടവണ്ണയിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് അര്‍ജുന്‍ അപകടത്തിലാകുന്നത്. ഷിരൂരിലെ മണ്ണിടിച്ചിൽ സമയത്ത് അർജുൻ അവിടെ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ തുടക്കത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. എന്നാൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് എത്തിയപ്പോൾ അർജുൻ വിളിച്ച ഫോൺ കോൾ ഉൾപ്പെടെ പിന്നീട് ഇതിനുള്ള സാധ്യത തെളിയുകയായിരുന്നു. തുടക്കത്തിൽ ദേശീയപാതയോട് ചേർന്ന ഭാഗങ്ങളിൽ നടത്തിയ തിരച്ചിലിൽ ലോറി കണ്ടെത്താനാകാതെ വന്നതോടെയാണ് ഗംഗാവലി നദി കേന്ദ്രീകരിച്ച് ദൗത്യം തുടർന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only