Oct 1, 2024

കുഞ്ഞുങ്ങളെ മടിയിലിരുത്തി യാത്ര ചെയ്യരുത്; കുഞ്ഞിനേയും ചേര്‍ത്ത് സീറ്റ് ബെല്‍റ്റിടരുത്; ഇക്കാര്യങ്ങൾ അറിയണം.


മലപ്പുറത്തെ പടപ്പറമ്പില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് എയര്‍ബാഗ് മുഖത്തമര്‍ന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടുവയസ്സുകാരി മരിച്ച സംഭവം വലിയ ഞെട്ടലാണുണ്ടാക്കിയത്. എയര്‍ ബാഗും സീറ്റ് ബെല്‍റ്റുമടക്കമുള്ള സുരക്ഷാസംവിധാനംതന്നെ ആ കുരുന്നിന്റെ ജീവനെടുത്തു. കുട്ടികളുമായി വാഹനത്തില്‍ പോകുമ്പോള്‍ നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങളുണ്ട്.


▪️മടിയില്‍ വേണ്ടാ:
➖➖➖➖➖➖➖➖➖
കുട്ടിയെ മടിയിലിരുത്തി യാത്ര ചെയ്യരുത്. അപകടമുണ്ടാകുമ്പോള്‍ 900 കിലോഗ്രാം ശക്തിയിലാണ് എയര്‍ബാഗ് പുറത്തേക്കുവരുക. യാത്രക്കാരന്റെ മൂക്കിന്റെയോ നെഞ്ചിന്റെയോ ഒരു സെന്റി മീറ്ററോളം അകലത്തിലാണ് ബാഗ് വിടര്‍ന്നു നില്‍ക്കുക. യാത്രക്കാരന്റെ മടിയില്‍ കുട്ടിയുണ്ടെങ്കില്‍ ബാഗ് തെറിക്കുമ്പോഴുള്ള ആഘാതം മുഴുവന്‍ കുട്ടിയുടെ ശരീരത്തില്‍ ഏല്‍ക്കും. ഇത് മരണത്തിന് കാരണമാകും.

▪️കരുതല്‍ വേണം:
➖➖➖➖➖➖➖➖➖
പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളെ മുന്‍സീറ്റിലിരുത്തി വാഹനമോടിക്കരുത്. ചൈല്‍ഡ് റെസ്‌ട്രെയിന്റ് സിസ്റ്റം വാഹനത്തില്‍ ഘടിപ്പിക്കാം. പിന്‍സീറ്റില്‍ കുട്ടികളെ ഇരുത്തുന്ന ചെറിയ സീറ്റു പോലെയുള്ള സംവിധാനമാണിത്. കുട്ടികളെ അതിലിരുത്തി ബെല്‍റ്റും ഇട്ടാല്‍ അപകടത്തിന്റെ ആഘാതം കുറയ്ക്കാം.

▪️ബെല്‍റ്റിടുമ്പോള്‍:
➖➖➖➖➖➖➖➖➖
സീറ്റ് ബെല്‍റ്റിട്ട് കുട്ടികളെ മടിയിലിരുത്തി യാത്ര ചെയ്യരുത്. കുഞ്ഞിനേയും ചേര്‍ത്ത് സീറ്റ് ബെല്‍റ്റിടരുത്. രണ്ടു കുട്ടികളെ ഒരുമിച്ചിരുത്തിയും സീറ്റ് ബെല്‍റ്റിടരുത്. കുഞ്ഞിനെ ഡ്രൈവിങ് സീറ്റില്‍ ഒപ്പമിരുത്തി വാഹമോടിക്കരുത്.

▪️നിര്‍ത്തി യാത്ര വേണ്ടാ:
➖➖➖➖➖➖➖➖➖
നാല് വയസ്സിന് മുകളിലുള്ളവര്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണം. ഒമ്പത് മാസം മുതല്‍ നാല് വയസ് വരെയുള്ളവര്‍ക്ക് ഹെല്‍മെറ്റും ബെല്‍റ്റും നിര്‍ബന്ധമാണ്. ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളെ നിര്‍ത്തി യാത്ര ചെയ്യിക്കരുത്.

▪️മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് മാതൃകയാകണം:
➖➖➖➖➖➖➖➖➖
'കുട്ടികളുമായി യാത്രപോകുമ്പോള്‍ മാതൃകാ ഡ്രൈവറാകുക. കുട്ടിയുടെ മനസ്സില്‍ വാഹനം ഓടിക്കുന്നവര്‍ ഹീറോ ആണ്. നിയമലംഘനം കണ്ട് വളര്‍ന്നാല്‍ കുട്ടികളുടെ മനസ്സില്‍ തെറ്റായ റോഡ് സംസ്‌കാരം ദൃഢപ്പെടും. മാതൃകാ ഡ്രൈവറായാല്‍ ഭാവിയിലേക്കും നല്ലൊരു ഡ്രൈവറെ സൃഷ്ടിക്കാനാകും.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only