Oct 18, 2024

വാഹന പാർക്കിങ്ങിന് പിഴ; പൊലീസിനെതിരെ കുന്നമംഗലത്ത് വ്യാപാരികളുടെ പ്രതിഷേധ പ്രകടനം


കുന്നമംഗലം : ടൗണിലെ കടയിലേക്ക് എത്തുന്നവർ റോഡരികിൽ നിർത്തുന്ന വാഹനങ്ങൾക്കെതിരെ ട്രാഫിക് പൊലീസ് പിഴ ചുമത്തുന്നെന്ന് ആരോപിച്ച് വ്യാപാരികളുടെ പ്രതിഷേധം. പ്രതിഷേധിച്ച വ്യാപാരികൾക്കെതിരെ ജോലി തടസ്സപ്പെടുത്തി തുടങ്ങി ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തു


ഇന്നലെ രാവിലെ ഒൻപതരയോടെയാണ് എയുപി സ്കൂൾ പരിസരത്ത് കടയിലേക്ക് എത്തിയ ആളുകളുടെ വാഹനത്തിന്റെ ചിത്രം ട്രാഫിക് പൊലീസ് പകർത്തി പിഴ ചുമത്തിയെന്ന് ആരോപിച്ച് വ്യാപാരികളുടെ നേതൃത്വത്തിൽ പൊലീസ് വാഹനത്തിനു സമീപം കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പിന്നീട് കുന്നമംഗലം പൊലീസ് എത്തി പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ ശ്രമിച്ചതോടെ കൂടുതൽ വ്യാപാരികൾ എത്തി പ്രകടനം നടത്തി

ട്രാഫിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അടക്കം പൊലീസ് കുന്നമംഗലം ടൗണിൽ ഗതാഗത ക്രമീകരണം നടത്താതെ വാഹനങ്ങളുടെ ചിത്രം പകർത്തി നിയമലംഘനം നടത്തിയെന്നു കാണിച്ച് അന്യായമായി പിഴ ചുമത്തുകയാണെന്നാണ് വ്യാപാരികളുടെ ആരോപണം

കുന്നമംഗലം ടൗണിലും പരിസരങ്ങളിലും വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഇല്ലാത്തതു മൂലം റോഡരികിലും മറ്റും പാർക്ക് ചെയ്യുന്നത് പതിവാണ്. ഇത്തരത്തിൽ പാർക്ക് ചെയ്ത് കടകളിലേക്ക് എത്തുന്നവരുടെ വാഹനങ്ങൾക്ക് വൻതുക പിഴ ചുമത്തുന്നത് മൂലം കടകളിൽ ഉപഭോക്താക്കൾ എത്താതെ കുന്നമംഗലം ടൗണിലെ വ്യാപാരികൾ ദുരിതത്തിലാണെന്നാണ് പരാതി

ടൗണിൽ പ്രത്യേകമായി സ്ഥലങ്ങൾ പാർക്കിങ് അനുവദിച്ചതും വിലക്കിയും നോട്ടിഫൈ ചെയ്തിട്ടില്ലെന്ന് അധികൃതരും സമ്മതിക്കുന്നു. അതേസമയം തിരക്കേറിയ സമയങ്ങളിൽ സീബ്രാ വരയിൽ നിർത്തുന്ന വാഹനങ്ങളുടെ ഫോട്ടോ മാത്രമാണ് പകർത്തുന്നതെന്നാണ് ട്രാഫിക് ഉദ്യോഗസ്ഥർ പറയുന്നത്. ജോലി തടസ്സപ്പെടുത്തിയതിനാണു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ പരാതിയിൽ കണ്ടാലറിയുന്ന 15 പേർക്കെതിരെ കുന്നമംഗലം പൊലീസ് കേസെടുത്തത്. വ്യാപാരികളുടെ പ്രതിഷേധം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് എം.ബാബുമോൻ ഉദ്ഘാടനം ചെയ്തു. എം.ജയശങ്കർ, എൻ.വിനോദ് കുമാർ, എം.പി.മൂസ, എം.കെ.റഫീക്ക്, ടി.സി.സുമോദ്, സുനിൽ കണ്ണോറ, കെ.സജീവ്, ഇ.റിയാസ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only