മുക്കം: കിണറ്റിൽ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്താൻ കിണറ്റിലിറങ്ങി വിഷപ്പാമ്പിന് മുന്നിൽ അകപ്പെട്ട ആൾക്ക് രക്ഷകരായത് മുക്കം അഗ്നിരക്ഷാ സേന. കാരശ്ശേരി തേക്കുംകുറ്റിയിൽ ഇന്ന് രാവിലെ ഒൻപതരയോടെയാണ് സംഭവം.
25 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ 7 ദിവസം പ്രായമുള്ള പശുക്കുട്ടിയെ രക്ഷപ്പെടുത്താനായി ഇറങ്ങിയ പ്രിൻസ് മുള്ളനാൽ എന്നയാളാണ് വിഷപ്പാമ്പിനെ കണ്ടു ഭയന്ന് രക്ഷപ്പെടാനാവാതെ കിണറ്റിൽ കുടുങ്ങിപ്പോയത്. ഉടൻ മുക്കം അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിക്കുകയായിരുന്നു.
മുക്കം അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി.പി നിഷാന്ത് കിണറ്റിലിറങ്ങി റെസ്ക്യൂ നെറ്റിന്റെയും റോപ്പിന്റേയും സഹായത്തോടെ ആദ്യം പ്രിൻസിനെ രക്ഷപ്പെടുത്തി. പിന്നീട് പശുക്കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. അപ്പോഴും വിഷപ്പാമ്പ് കിണറ്റിൽ ചുറ്റിനടക്കുന്നുണ്ടായിരുന്നു. സ്നേക്ക് റെസ്ക്യൂ ടീമിനെ വിവരമറിയിച്ചിട്ടുണ്ട്. സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാം, സീനിയർ ഫയർ ഓഫീസർ എൻ രാജേഷ് സേനാംഗങ്ങളായ എം സുജിത്ത്, കെ ഷനീബ്, കെ.പി അജീഷ്, കെ.എസ് ശരത്ത്, ചാക്കോ ജോസഫ്, എം.എസ് അഖിൽ, ജെ അജിൻ, ശ്യാം കുര്യൻ, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ജാബിർ മുക്കം എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Post a Comment