Nov 4, 2024

കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്


തിരുരാങ്ങാടി: തലപ്പാറയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ 33 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റ ആരുടെയും ആരോഗ്യനില ഗുരുതരമല്ല.

ഞായറാഴ്ച രാത്രി പത്തരോടെയായിരുന്നു അപകടം. തൊട്ടിൽപ്പാലത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 56ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ പാടത്തേക്ക് മറിയുകയായിരുന്നു. പത്തടിയോളം താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. നാട്ടുകാരും മറ്റു വാഹനങ്ങളിൽ സ്ഥലത്തെത്തിയവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്
തലകീഴായി കിടന്ന ബസിൽ നിന്ന് ഏറെ ശ്രമകരമായാണ് ആളുകളെ പുറത്തെത്തിച്ചത്. ബസിന്‍റെ പിന്നിലെ ചില്ല് നീക്കം ചെയ്താണ് പുറകിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. രാത്രിയായതിനാലും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. നിലവില്‍ ബസിലുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെത്തിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ബസ് സ്ഥലത്ത് നിന്ന് ഉയര്‍ത്താനായിട്ടില്ല. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. ദേശീയപാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only