Dec 13, 2024

തമിഴ്നാട് സ്വകാര്യ ആശുപത്രിയിൽ വൻതീപിടിത്തം; ഏഴു പേർ വെന്തുമരിച്ചു


ചെന്നൈ: തമിഴ്നാട് സ്വകാര്യ ആശുപത്രിയിലുണ്ടായ വൻതീപിടിത്തത്തിൽ ഏഴു പേർ വെന്തുമരിച്ചു. മൂന്ന് വയസ്സുള്ള കുട്ടിയടക്കം മരിച്ചവരിൽ ഉൾപ്പെടുന്നു. ഡിണ്ടിഗൽ എൻ.ജി.ഒ കോളനിക്ക് സമീപം പ്രവർത്തിക്കുന്ന സിറ്റി ഫ്രാക്ചർ ആശുപത്രിയിലാണ് ദുരന്തം. ലിഫ്റ്റിൽ കുടുങ്ങിക്കിടന്നിരുന്ന ആറുപേരെ രക്ഷപ്പെടുത്തി.

ഇന്നലെ രാത്രി 9.30ഓടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേന സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. രോഗികളെ കാണാൻ വന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാല് നിലകളുള്ള ആശുപത്രിയാണിത്. താഴത്തെനില മുതൽ മൂന്നാം നിലവരെ തീ പടർന്നു. എക്സ്റേ, സ്കാനിങ് ഉൾപ്പെടെ ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്രങ്ങളും കമ്പ്യൂട്ടറുകളും നശിച്ചു. പ്രദേശത്ത് വൻ പുക ഉയർന്നു.

തീപിടിത്തത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൂറിലധികം പേരെ ആംബുലൻസിൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

മന്ത്രി ഐ. പെരിയസാമി, ജില്ല കലക്ടർ പൂങ്കൊടി അടക്കം പ്രമുഖർ സ്ഥലത്തെത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only