കോടഞ്ചേരി: കോടഞ്ചേരി അങ്ങാടിയിൽ റോഡ് വികസനത്തിന്റെ പേരിൽ റോഡിൽ ആഴത്തിൽ കുഴിച്ചു മാറ്റി ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത രീതിയിൽ റോഡ് പൊളിച്ച് ഇടുകയും, കോൺട്രാക്ടർ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പണികൾ ഒന്നും ചെയ്യാത്തതിനാൽ റോഡിൽ അമിതമായി പൊടി ശല്യം മൂലം വ്യാപാരികളും ജനങ്ങളും ദുരിതത്തിൽ ആണ്. ഇത് അടിയന്തരമായി പരിഹാരം ഉണ്ടാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോടഞ്ചേരി യൂണിറ്റ് ആവശ്യപ്പെട്ടു.
ന്യായമായ ആവശ്യങ്ങൾക്ക് നേരെ പുറം തിരിഞ്ഞു
നിൽക്കുന്ന അധികൃതരുടെ നടപടികൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ യോഗം തീരുമാനിച്ചു. കഴിഞ്ഞവർഷം റോഡ് വികസനത്തിന്റെ പേരിൽ കോടഞ്ചേരി അങ്ങാടിയിൽ ഇതേ സ്ഥലം പൊളിച്ചുമാറ്റി കൃത്യമായ പണികൾ ചെയ്യാതെ മാസങ്ങളോളം വ്യാപാരികളും പൊതുജനങ്ങളും പൊടി ശല്യത്തിൽ കഴിയുകയും പിന്നീട് റോഡിന്റെ പണി കൃത്രിമമായി പൂർത്തീകരിക്കുകയും ചെയ്തതിനാലാണ് ഒരു വർഷം കഴിഞ്ഞപ്പോൾ ഇതേ പണി വീണ്ടും എടുക്കേണ്ടി വന്നത്. കരാറുകാരുടെ കൃത്രിമ പണികൾക്ക് ഒത്താശ ചെയ്യുന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡന്റ് റോബർട്ട് അറക്കൽ അധ്യക്ഷത വഹിച്ചു. സി ജെ ടെന്നിസൺ ചാത്തംകണ്ടത്തിൽ,റോയ് തോമസ്,ഷെല്ലി ചാക്കോ, ഷൈസു ജോൺ,പോൾസൺ അറക്കൽ, സന്തോഷ് സെബാസ്റ്റ്യൻ, ഒ.എം അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു.
Post a Comment